Site iconSite icon Janayugom Online

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന് കര്‍ഷക സമരം പിന്‍വലിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണമായും ലംഘിച്ചെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച്‌ ജൂലൈ 18ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത് മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ എസ്‌കെഎം ദേശീയ യോഗം തീരുമാനമെടുത്തു.

മിനിമം താങ്ങുവില സംബന്ധിച്ച്‌ സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനവും നടപ്പായില്ലെന്ന് കര്‍ഷക സംഘടന ചൂണ്ടിക്കാട്ടി. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കുക എന്ന കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യം പരിഗണിക്കാന്‍ പോലും കേന്ദ്രം തയാറാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

ജൂലൈ 31ന് പ്രതിഷേധ ക്യാമ്പയിന്റെ അവസാന ദിവസം രാജ്യത്തെ എല്ലാ പ്രധാന ഹൈവേകളിലും രാവിലെ 11 മുതല്‍ വലിയ പ്രതിഷേധ സംഗമം നടത്തുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ തൊഴില്‍ രഹിതരായ യുവാക്കളെയും മുന്‍ സൈനികരെയും അണിനിരത്താനും സംഘടന തീരുമാനിച്ചു.

അഗ്നിപഥ് പദ്ധതി തുറന്നുകാട്ടുന്നതിനായി ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ രാജ്യത്തുടനീളം ‘ജയ് ജവാന്‍, ജയ് കിസാന്‍’ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 18 മുതല്‍ 20 വരെ ലഖിംപൂര്‍ ഖേരിയില്‍ 75 മണിക്കൂര്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Eng­lish summary;Farmers again protest against the Centre

You may also like this video;

Exit mobile version