Site icon Janayugom Online

കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു; കര്‍ണാലില്‍ കര്‍ഷക മഹാപഞ്ചായത്ത്

കര്‍ണാല്‍ ലാത്തിചാര്‍ജിനെത്തുടര്‍ന്ന് ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു. ഇന്ന് കര്‍ണാലില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കഴിഞ്ഞദിവസം കര്‍ണാലിലുണ്ടായ പൊലീസ് അതിക്രമത്തില്‍ ഒരു കര്‍ഷകന്‍‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

മുതിര്‍ന്ന കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാദുനി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. മൂന്ന് തീരുമാനങ്ങളാണ് കര്‍ഷക സമ്മേളനം കൈക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും. കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

സെപ്റ്റംബര്‍ ആറുവരെ ഹരിയാന സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ ഏഴുമുതല്‍ കര്‍ണാലിലെ മിനി സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും കര്‍ഷക നേതാവ് അറിയിച്ചു. പരിക്കേറ്റ കര്‍ഷകര്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും മരിച്ച കര്‍ഷകന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാദുനി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധിച്ചു. പഞ്ചാബിലെ അമൃത്‌സര്‍, ലുധിയാന, മൊഹാലി, ഭട്ടിന്‍ഡ, ജലന്തര്‍, പട്യാല തുടങ്ങിയ നഗരങ്ങളിലും കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. 

ENGLISH SUMMARY:farmers Maha Pan­chay­at in Karnal
You may also like this video

Exit mobile version