Site icon Janayugom Online

തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

SKM

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം). കര്‍ഷകരോട് നീതി കാണിക്കാത്ത ബിജെപിയെ ‘ശിക്ഷിക്കണ’മെന്നാണ് എസ് കെഎം ജനങ്ങളോടാവശ്യപ്പെട്ടത്.ഡല്‍ഹിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് എസ്.കെ.എം നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളെ പോലും അവഗണിച്ച് ബിജെപി സര്‍ക്കാര്‍ അവരെ വഞ്ചിച്ചുവെന്നും എസ്.കെ.എം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപിയെ തോല്‍പിക്കാനുറച്ച് 57 വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റേതെങ്കിലും പാര്‍ട്ടിയെ ജയിപ്പിക്കലല്ല, ബിജെപിയെ തോല്‍പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കര്‍ഷകരെയൊന്നാകെ വഞ്ചിച്ച ബിജെപിയെ ശിക്ഷിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഉത്തര്‍ പ്രദേശിലെ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു.

സര്‍ക്കാര്‍ നമുക്ക് തന്ന ഒരു വാഗ്ദാനങ്ങളും ഇനിയും പാലിച്ചിട്ടില്ല.താങ്ങുവില ഉറപ്പാക്കുന്നതിന് ഒരു കമ്മിറ്റിയും ഇനിയും രൂപീകരിച്ചിട്ടില്ല. കര്‍ഷകര്‍ തങ്ങളുടെ സമരം അവസാനിപ്പിച്ചിട്ടും അവര്‍ ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്,’ എസ്.കെ.എം നേതാവും സ്വരാജ് ഇന്ത്യയുടെ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.വരും ദിവസങ്ങളില്‍ മീററ്റ്, കാണ്‍പൂര്‍, ഗൊരഖ്പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, ലഖ്‌നൗ എന്നിവിടങ്ങളിലടക്കം ഉത്തര്‍ പ്രദേശിലെ ഒമ്പത് സ്ഥലങ്ങളില്‍ പത്രസമ്മേളനം നടത്തുമെന്നും, കര്‍ഷകര്‍ക്കായി ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

.താങ്ങുവിലയെ സംബന്ധിച്ച ഒരു കമ്മിറ്റി ഇനിയും രൂപീകരിച്ചിട്ടില്ലെന്നും, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഇനിയും പിന്‍വലിച്ചിട്ടില്ലെന്നും എസ്.കെ.എം വ്യക്തമാക്കി.ഉത്തര്‍പ്രദേശില്‍ ബിജെപി തോല്‍ക്കണമെന്നും എന്നാല്‍ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ യോഗി ആദിത്യനാഥ് ജയിക്കണമെന്നുമായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷനുമായ രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നത്.

ഉത്തര്‍പ്രദേശില്‍ മികച്ച ഒരു പ്രതിപക്ഷമുണ്ടാവണമെങ്കില്‍ യോഗി തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നാണ് ടികായത്തിന്റെ അഭിപ്രായം.അതേസമയം, തങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്നില്ലെന്നും, തങ്ങളുടെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററിലോ ക്യാമ്പെയ്‌നിലും ഉപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കിയരുന്നു.403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Eng­lish Sumamry:Farmers’ orga­ni­za­tions call for defeat of BJP in elections

You may also like this video:

Exit mobile version