Site icon Janayugom Online

ബിജെപിക്ക് കനത്ത താക്കീതുമായി കര്‍ഷക സംഘടനകള്‍ ; അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വിവിധ കര്‍ഷക സംഘടനകള്‍. പ്രക്ഷോഭങ്ങള്‍ ഒരാഴ്ച നീളുമെന്ന്സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. അഗ്നിപഥ് വഴി സേനയിലേക്ക് റിക്രൂട്ടമെന്റ് നടക്കുന്നതോടെ സേന ദുര്‍ബലപ്പെടുമെന്നും തങ്ങളുടെ മക്കളെ രാഷ്ട്രസേവനത്തിനയക്കുന്ന കര്‍ഷക മാതാപിതാക്കള്‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമുള്ള പോരാട്ടം തുടങ്ങാന്‍ പോകുന്നതേയുള്ളൂവെന്ന് ടികായത്ത് പറഞ്ഞിരുന്നു.ചടങ്ങില്‍ ബിജെപിയേയും ടികായത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ അവരുടെ പാര്‍ട്ടിക്കാര്‍ക്ക് എതിരെയുള്ള കേസുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍ക്കാരുകളേയും തകര്‍ക്കാന്‍ കഴിഞ്ഞേക്കാം പക്ഷേ ഒരിക്കലും കര്‍ഷകരെ ഇല്ലാതാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പതിനേഴര മുതല്‍ 21വരെ പ്രായത്തിലുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയുടെ പ്രായത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ 23 വയസ് വരെ പ്രായപരിധി ഉയര്‍ത്തിയിരുന്നു. നാലു വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നിന്നും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 25 ശതമാനം പേരെ സ്ഥിരം നിയമിക്കുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്യും. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.

ഇതോടെ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം, അസം റൈഫീള്‍സിലും 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.അഗ്നിപഥ് സ്വകാര്യ സേനകള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നെങ്കിലും കേന്ദ്രം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് റിക്രൂട്ട്മെന്‍റുമായി മുന്നോട്ട് പോകുകയാണ്

Eng­lish Summary:Farmers orga­ni­za­tions have issued a strong warn­ing to BJP; Nation­wide protest against Agnipath

You may also like this video:

Exit mobile version