Site iconSite icon Janayugom Online

ഭരണകൂട വഞ്ചനയ്ക്കെതിരെ വീണ്ടും കര്‍ഷക പ്രക്ഷോഭം

രേന്ദ്രമോഡി സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരെ മറ്റൊരു ദേശീയ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തയാറെടുക്കുന്നു. ഒരു വർഷത്തിലേറെ നീണ്ട കർഷകപ്രക്ഷോഭം 2021 ഡിസംബറിൽ അവസാനിപ്പിച്ചത് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയുടെയും കർഷക മാരണ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന്റെയും അവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു രേഖാമൂലം ലഭിച്ച ഉറപ്പുകളുടെയും അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പുകൾ ഏഴുമാസം പിന്നിടുമ്പോൾ ജലരേഖയായി മാറുന്നതാണ് കർഷകരുടെ അനുഭവം. മാത്രമല്ല, പിൻവലിക്കപ്പെട്ട നിയമങ്ങൾ എപ്പോൾ വേണമെങ്കിലും കൂടുതൽ രൂക്ഷതയോടെ തിരിച്ചുവരുമെന്ന ഭീഷണി ഭരണകൂട, സംഘ്പരിവാർ വൃത്തങ്ങളിൽനിന്നും ആവർത്തിച്ച് ഉയരുന്നുണ്ട്. കർഷക മാരണ നിയമങ്ങൾ പിൻവലിക്കുക എന്നതിനോടൊപ്പം പ്രധാനപ്പെട്ടതാണ് കർഷകരുടെ ഉല്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്-എംഎസ്‌പി). അക്കാര്യത്തിൽ ലംഘിക്കപ്പെട്ട ഉറപ്പുകൾക്കപ്പുറം യാതൊരു തുടർനടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മറിച്ച്, തന്റെ നിലപാടുകൾ ഭാവിയിൽ കർഷകർ മനസിലാക്കുമെന്ന അവകാശവാദമാണ് മോഡി മുന്നോട്ടുവയ്ക്കുന്നത്. കർഷകരെ സമരത്തിലേക്ക് വലിച്ചിഴച്ച സർക്കാർ അവരുടെമേൽ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കാമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഉത്തർപ്രദേശടക്കം സംസ്ഥാന നിയസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കർഷകരുടെ എതിർപ്പുണ്ടായിട്ടും വിജയിക്കാനായത് കർഷകരുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് അവലംബിക്കാൻ കാരണമായിട്ടുണ്ടാകാം. അതിനെല്ലാം ഉപരി കര്‍ഷകകുടുംബങ്ങൾ ഏറെ പ്രതീക്ഷ വച്ചുപുലർത്തിപോന്ന സൈനികസേവനരംഗത്തെ കൂലിപ്പട്ടാള താവളമാക്കി മാറ്റുന്ന ‘അഗ്നിപഥ്’ പദ്ധതി വടക്കേഇന്ത്യയിൽ ഉടനീളം കർഷകരോഷം ആളിക്കത്താൻ ഇടയാക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കര്‍ഷക പ്രക്ഷോഭത്തിന്റെ ബാക്കിഭാഗങ്ങള്‍


ജൂലൈ മൂന്നിന് ഗാസിയാബാദിൽ ചേർന്ന സംയുക്ത കിസാ­ൻ മോർച്ചയുടെ യോഗം കുറഞ്ഞ താങ്ങുവില, കർഷക പ്ര­ക്ഷോ­ഭത്തിൽ പങ്കെടുത്തവർക്ക് എതിരാ­യ കേസുകൾ പിൻവലിക്കുക തുടങ്ങി രേ­ഖാമൂലം നൽകിയ ഉ­റപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപക പ്ര­ക്ഷോ­ഭത്തിൽ അണിനിരക്കാൻ കർഷകരെ ആഹ്വാനം ചെ­യ്തിട്ടുണ്ട്. താങ്ങുവില സംബന്ധിച്ചു വാഗ്ദാനം ചെയ്ത കമ്മിറ്റിയെ നിയമിക്കണമെന്നും എംഎസ്‌പിക്കു നിയമസാധുത ഉറപ്പുവരുത്താൻ നിയമനിർമ്മാണം വേണമെന്നും മോർച്ച ആവശ്യപ്പെടുന്നു. അവയ്ക്കൊപ്പം അഗ്നിപഥ് പദ്ധതിക്ക് എതിരായ സമരവും നിർണായക പ്രധാന്യം അർഹിക്കുന്നതായി കർഷകർ കരുതുന്നു. വടക്കേ ഇന്ത്യയിലെ കർഷകരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബങ്ങളിലെ യുവാക്കൾക്ക് സൈനിക സേവനം സുപ്രധാനമായ തൊഴിലവസരമാണ്. അഗ്നിപഥ് അതിന്റെ നിഷേധമായി അവർ വിലയിരുത്തുന്നു. കിസാൻ‑ജവാൻ ബന്ധത്തിന്റെ അന്തഃസത്ത നിഷേധിക്കുന്ന നടപടിയാണ് അഗ്നിപഥ്. വിഷയത്തിൽ മോർച്ച സ്വീകരിക്കുന്ന നിലപാട് യുവാക്കളെ കൂടുതലായി പ്രക്ഷോഭത്തിലേക്ക് ആകർഷിക്കുമെന്നും അവർ കണക്കുകൂട്ടുന്നു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം ജൂലൈ 18ന് ‘വഞ്ചനാദിനാചരണം’ നടക്കും. വിപുലമായ കർഷക സമ്മേളനത്തിന്റെ രൂപത്തിലായിരിക്കും ഇത്. തുടർന്ന് ശഹീദ് ഉദംസിങ്ങിന്റെ രക്തസാക്ഷിത്വ ദിനമായ ജൂലൈ 31നു രാജ്യത്തെ എല്ലാ പ്രധാന ദേശീയപാതകളിലും ‘ചക്കാ ജാം’ (ഗതാഗത തടസം) സംഘടിപ്പിക്കാനും മോർച്ച കർഷകരോട് ആഹ്വാനം ചെയ്തു. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ തൊഴിലാളികളും യുവാക്കളും തങ്ങളുടെകൂടി ആവശ്യങ്ങളായി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം, മറ്റെല്ലാത്തിലും ഉപരി അത് തൊഴിലാളികളുടെ ഭരണകൂട ആക്രമണവിധേയമായ സേവനവേതന വ്യവസ്ഥകളോടും തൊഴിൽരഹിതരുടെ തൊഴിൽ അവകാശം, അതിന്റെ സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.


ഇതുകൂടി വായിക്കൂ: കാര്‍ഷിക മേഖലയില്‍ ജീവനറ്റ പദ്ധതികള്‍


സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജ്വല ഏടുകളിൽ ഒന്നായിരുന്നു കർഷക മാരണ നിയമങ്ങൾക്കെതിരായ പ്രക്ഷോഭം. എഴുന്നൂറ്റിഅമ്പതില്പരം കര്‍ഷകർ ജീവൻ നൽകിയ ആ സമരത്തിന്റെ വിജയം വഞ്ചനയിലൂടെ ഭരണകൂടം കവർന്നെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവാത്ത വഞ്ചനയ്ക്കെതിരെ കർഷകർ പുനരാരംഭിക്കുന്ന പ്രക്ഷോഭം എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ അർഹിക്കുന്നു. അത് കർഷകരുടെ മാത്രമല്ല തൊഴിൽരഹിതരായ യുവാക്കളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന തൊഴിലാളികളുടെയും സമൂഹത്തിന്റെ ആകെയും അവകാശസമരമായി മാറണം. അത് ജനവഞ്ചനയ്ക്കെതിരായ ജനകീയ ചെറുത്തുനില്പായി വളർത്തിയെടുക്കേണ്ടതുണ്ട്.

You may also like this video;

Exit mobile version