കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയതലസ്ഥാനത്ത് പ്രതിഷേധവുമായെത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംബുവിലും ജിന്തിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റാൻ തുനിഞ്ഞതോടെയാണ് പൊലീസ് വ്യാപകമായി കണ്ണീർവാതകം പ്രയോഗിച്ചത്. ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു കണ്ണീർവാതക പ്രയോഗം. ഹരിയാനയിലെ കുരുക്ഷേത്രയിലും കർഷകർ ബാരിക്കേഡുകൾ തള്ളി നീക്കി.
ഫത്തേഹ്ഗഡ് സാഹിബില്‍ നിന്നും രാവിലെ 10നാണ് മാര്‍ച്ചിന് തുടക്കമായത്. ശംബു അതിര്‍ത്തിയിലൂടെ ഡല്‍ഹിയിലേക്കെത്താന്‍ നൂറുകണക്കിന് ട്രാക്ടറുകളിലാണ് കര്‍ഷകര്‍ എത്തിയത്. ഖനൗരി അതിര്‍ത്തിയിലൂടെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സംഗ്രൂരിലെ മെഹല്‍ കലാനില്‍ നിന്നും മറ്റൊരു സംഘവും യാത്ര തിരിച്ചു. ഹരിയാന പൊലീസ് കര്‍ഷകരെ തടയാന്‍ റോഡുകളില്‍ വന്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ബാരിക്കേഡുകളും മുള്ളുകമ്പിവേലികളും ട്രാക്ടര്‍ ടയറുകള്‍ പഞ്ചറാക്കാന്‍ ആണി തറച്ച ലോഹപ്പാളികളും റോഡില്‍ നിരത്തി പ്രതിരോധം തീര്‍ത്തു.
ശംബുവില്‍ മേല്‍പ്പാലത്തിന് മുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തള്ളിമാറ്റി. ഇതോടെ പൊലീസ് തുരുതുരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഖനൗരിയിലും കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലപരിമിതി മൂലം ഒഴിഞ്ഞുമാറാന്‍ കഴിയാഞ്ഞതിനാല്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി തിങ്കളാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലും തീരുമാനങ്ങള്‍ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചത്. ചില കാര്യങ്ങളില്‍ ഉറപ്പു നല്‍കിയെങ്കിലും കര്‍ഷകര്‍ തൃപ്തരായില്ല. നടപടിയാണാവശ്യമെന്നും ഇത്തരം ഉറപ്പുകള്‍ നേരത്തെയും കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. എല്ലാ വിളകള്‍ക്കും താങ്ങുവില എന്നകാര്യത്തിലാണ് സ്ഥായിയായി നില്‍ക്കുന്ന തര്‍ക്കം.
2020ലെ വൈദ്യുത ഭേദഗതി നിയമം പിന്‍വലിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, കര്‍ഷക സമരത്തിന്റെ ഭാഗമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നടത്തിയ ആദ്യവട്ട പ്രതിഷേധം 13 മാസം നീണ്ടു നിന്നിരുന്നു. എസ്‌കെഎമ്മില്‍ നിന്ന് നിന്ന് പിന്‍മാറി രൂപീകരിച്ച വിഭാഗമാണ് എസ്‌കെഎം-എന്‍പി. മാസങ്ങള്‍ സമരം നീളുമെന്ന മുന്‍കരുതലോടെയാണ് കര്‍ഷകര്‍ സമരമുഖത്ത് എത്തിയിരിക്കുന്നത്. ആറു മാസത്തേക്കുള്ള കരുതലുമായാണ് സമരത്തിന് ഇറങ്ങിയതെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ലെന്നും കര്‍ഷക നേതാവ് ശരവണ്‍ സിങ് പാന്ഥര്‍ വ്യക്തമാക്കി.
അതേസമയം എസ്‌കെഎമ്മും എഐടിയുസി ഉള്‍പ്പെടെ കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്തമായി 16ന് സെക്ടറല്‍ പണിമുടക്കിനും ഗ്രാമീണ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
English Summary: farmers protest delhi
You may also like this video