Site iconSite icon Janayugom Online

കര്‍ഷക സമരം: പഞ്ചാബിലും ഹരിയാനയിലും ബിജെപി കോലം കത്തിച്ചു

മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകര്‍ പഞ്ചാബിലും ഹരിയാനയിലും ബിജെപിയുടെ കോലം കത്തിച്ചു. അമ‍ൃത്സര്‍, മോഗ, കുരുക്ഷേത്ര, അംബാല, സോണിപത്ത്, പഞ്ച്കുല എന്നിവിടങ്ങലായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധ സമരം നടത്തിയത്. ഹരിയാനയിലെ ശംഭു അതിര്‍ത്തിയിലും പ്രതിഷേധക്കാര്‍ ബിജെപി കോലം കത്തിച്ചു. കര്‍ഷക സമരത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ശംഭു അതിര്‍ത്തിയില്‍ തടയുകയും കര്‍ഷകരെ ഭീകരമായി മര്‍ദിക്കുകയും ചെയ്ത ഹരിയാന പൊലീസിനെ ആറു ഉദ്യോഗസ്ഥര്‍ക്ക് ധീരത പുരസ്കാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നേതാക്കള്‍ അപലപ്പിച്ചു. 

ഏതാനും ദിവസം മുമ്പാണ് ഹരിയാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയത്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ധീരത പുരസ്കാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശക്തമായി ചെറുക്കുമെന്ന് എസ് കെ എം നേതാവ് സര്‍വന്‍ സിങ് പന്ഥര്‍ പറഞ്ഞു. ഡല്‍ഹി ചലോ മാര്‍ച്ച് തടയാനും കര്‍ഷകരെ മര്‍ദിക്കാനും നേതൃത്വം നല്‍കി മൂന്ന് ഐപിഎസ്- സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കണമെന്നാണ് ബിജെപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ കൂറു പുലര്‍ത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് വഴി അവാര്‍ഡിന്റെ മഹത്വം നഷ്ടമാകും. മിനിമം താങ്ങുവില, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, കര്‍ഷക പെന്‍ഷന്‍. എംഎസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ കര്‍ഷകര്‍ സമരരംഗത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Farm­ers’ strike: BJP burns effi­gies in Pun­jab and Haryana
You may also like this video

Exit mobile version