Site iconSite icon Janayugom Online

ഫാം ഹൗസിലെ ബലാത്സംഗം: ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ബലാത്സംഗ കുറ്റത്തിന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കി. 2018ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസെടുക്കാനുള്ള വിചാരണക്കോടതി ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കം ചെയ്യുകയാണെന്ന് അറിയിച്ച ഹൈക്കോടതി, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ആശാ മേനോന്‍ വിലയിരുത്തി.

കമ്മിഷണര്‍ ഓഫീസില്‍ ലഭിച്ച പരാതി പൊലീസ് സ്റ്റേഷനിലേക്കു നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇതു വ്യക്തമായും വീഴ്ച തന്നെയാണെന്ന വിചാരണക്കോടതി വിലയിരുത്തലിനോട് ഹൈക്കോടതി യോജിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. 2018 ഏപ്രില്‍ 12ന് ഛത്തര്‍പുരിലെ ഫാംഹൗസില്‍വച്ച് ഷാനവാസ് ഹുസൈന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ സഹോദരന്മാരുമായി യുവതിക്കുള്ള തര്‍ക്കമാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നും ഷാനവാസ് ഹുസൈന്‍ വാദിക്കുന്നു.

Eng­lish Sum­ma­ry: farm­house Rape: Del­hi High Court orders reg­is­ter FIR against BJP leader
You may also like this video

 

Exit mobile version