മനുഷ്യന്റെ മൗലിക അവകാശം നിക്ഷേധിക്കുന്ന ഫാസിസ്റ്റ് ഭരണം നാടിനാപത്താണെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ പറഞ്ഞു. സിപിഐ കോട്ടാങ്ങല്‍ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തഞ്ച് വർഷം പിന്നിട്ടു. എന്നിട്ടും ഭരണഘടനാ ലംഘനം ലക്ഷ്യമാക്കിയാണ് ബിജെപി ഫാസിസ്റ്റ് ഭരണം മുന്നോട്ടു പോകുന്നത്. മതനിരപേക്ഷ രാജ്യമാണ് ഭാരതമെന്ന് ഭരണഘടന പറയുമ്പോൾ മതത്തിൻ്റെ പേരിൽ മനുഷ്യരെ ഇല്ലാതാക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്.
ഇതിനെതിരായി ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ അണിചേരണമെന്ന് ചിറ്റയം അഭിപ്രായപ്പെട്ടു. റ്റി എസ് ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ. മണ്ഡലം സെക്രട്ടറി കെ സതീശ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി രാജപ്പൻ, നേതാക്കളായ അനീഷ് ചുങ്കപ്പാറ, നവാസ് ഖാൻ, പ്രകാശ് പി സാം, ഉഷാ ശ്രീകുമാർ, കെ ആർ കരുണാകരൻ, സി എച്ച്് ഫസീലാ ബിവി, അലിയാർ കാച്ചാനിൽ, ശിവന്‍കുട്ടി നായര്‍, എം വി പ്രസന്നകുമാര്‍, ഷിബു ലൂക്കോസ്, റോബി ഏബ്രഹാം, പി പി സോമന് എന്നിവർ സംസാരിച്ചു.

