വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1 ബി. തീവ്ര വ്യാപന ശേഷിയുള്ള ക്ലേഡ് 1 ബി വകഭേദം ആദ്യമായാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംപോക്‌സ് ക്ലേഡ് 1 ബിയുടെ വ്യാപനം ശക്തമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്. ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആയിരുന്നു. ദുബായില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
അതേസമയം എംപോക്സ് ലക്ഷണങ്ങളോടെ ഡല്‍ഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി വിട്ടു. ഹരിയാന സ്വദേശിയായ 26 കാരനായ യുവാവിനെ ഈ മാസം എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചിരുന്നത്.