റോഡരികിലും ഫ്രൂട്ട് സ്റ്റാളുകളിലും ലഭിക്കുന്ന പഴങ്ങളിലേറെയും വ്യാജൻ. പച്ചയ്ക്ക് പറിച്ചെടുക്കുന്നവ കാർബൈഡ് പോലുളള രാസവസ്തുക്കൾ ചേർത്ത് തൊലിയുടെ നിറം മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്. ദിനംപ്രതി പരിശോധന നടക്കുന്നുണ്ടെങ്കിലും മായം കലർന്ന പഴങ്ങൾ വിപണിയിൽ എത്തുന്നത് തടയാൻ കഴിയുന്നില്ല.
വിപണിയിൽ ഇപ്പോൾ ലഭ്യമായ മാതള നാരങ്ങ, മാമ്പഴം എന്നിവയാണ് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് വെച്ചിരിക്കുന്നതിൽ അധികവും. പുറമേ കണ്ടാൽ നല്ലതും വിളഞ്ഞു പഴുത്തതുമാണെന്ന് തോന്നുമെങ്കിലും ഇവയുടെ ഉൾഭാഗം പച്ചയാണ്. കഴിഞ്ഞ ദിവസം കോട്ടയം പത്തനാട്ടുനിന്നും മാതളനാരങ്ങ വാങ്ങിയ വീട്ടമ്മ കബളിക്കപ്പെട്ടിരുന്നു.
വാങ്ങിയപ്പോൾ സംശയമൊന്നും തോന്നിയില്ല. പുറമേ നോക്കിയാൽ മൂത്തുപുഴുത്ത ചുവന്നു തുടുത്ത നാരങ്ങ. വീട്ടിലെത്തി മുറിച്ചപ്പോൾ ഉൾഭാഗം വെളുത്തിരിക്കുന്നു. ഒരെണ്ണത്തിന് മാത്രമാണ് ഈ കുഴപ്പമെന്ന് കരുതി ശേഷിച്ചവ മുറിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ചുവന്ന് തുടുത്തിരിക്കേണ്ട മാതളഭാഗം വെളുത്ത് ഇരിക്കുന്നു. ഒരു കുരു എടുത്തു തിന്നപ്പോൾ മധുരമില്ല. പകരം ചെറിയ പുളി. മൂപ്പെത്താത്ത ഫലങ്ങൾ മായം കലർത്തി പഴുപ്പിച്ചുവെന്ന തോന്നൽ സൃഷ്ടിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന മാഫിയ നാട്ടിൽ വിലസുകയാണ്. ഇത്തരത്തിൽ നാട്ടാരെ കബളിപ്പിക്കുന്ന മറ്റൊന്ന് മാമ്പഴമാണ്.
വിഷം കലർന്ന മാമ്പഴം ഇതിനോടകം വിപണി കീഴടക്കി. ഇതിനൊന്നിനും മധുരമില്ലെന്നും പഴകിയതാണെന്നുമൊക്കെയുള്ള പരാതികൾ വ്യാപകമാകുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാകമാകാത്ത മാങ്ങ എത്തിച്ച് വേഗത്തിൽ പഴുപ്പിച്ച് വിപണിയിൽ ഇറക്കുന്നതിന് പിന്നിലെ ദുരൂഹത തേടിയപ്പോഴാണ് കാത്സ്യം കാർബൈഡിന്റെ വ്യാപക ഉപയോഗം കണ്ടെത്തിയത്.
മനുഷ്യശരീരത്തിന് ഹാനികരമായ കാത്സ്യം കാർബൈഡ് എന്ന നിരോധിത രാസവസ്തു ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുകൾ പലതുണ്ടായെങ്കിലും വിൽപ്പന തകൃതിയായി നടക്കുകയാണ്. നാല് കിലോ മാമ്പഴത്തിന് നൂറ് രൂപ വിലയ്ക്ക് വരെ വാഹനങ്ങളിൽ കച്ചവടം നടത്തുന്നുണ്ട്. പറിച്ചെടുത്ത പച്ചമാങ്ങ വേഗത്തിൽ നിറമുള്ളതാക്കി മാറ്റാനാണ് കാത്സ്യം കാർബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അടുക്കി വച്ച ശേഷം ഇതിന് താഴെയായി പൊടി നിക്ഷേപിച്ച് അടച്ചു വച്ചാൽ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം ഉണ്ടാകാറില്ല. ഉൾഭാഗം പഴുത്തിട്ടുണ്ടാകില്ല. പകരം അഴുകിയിരിക്കും. തൊലിക്ക് നല്ല മഞ്ഞനിറം കാണുമ്പോൾ ഉപഭോക്താവ് മാങ്ങ വാങ്ങുകയും ചെയ്യും. കാർബൈഡ് കലർത്തുമ്പോഴുണ്ടാകുന്ന അസറ്റലിൻ എന്ന വാതകത്തിന്റെ പ്രവർത്തനഫലമായാണ് മാങ്ങ വേഗത്തിൽ നിറംവയ്ക്കുന്നത്. സ്വാഭാവികമായുണ്ടാകുന്ന എഥിലിൻ എന്ന രാസവസ്തുവാണ് ശുദ്ധമായ പഴവർഗങ്ങളിൽ മണവും നിറവുമുണ്ടാക്കുന്നത്. ഇതിനെ നിഷ്ഫലമാക്കിയും സ്വാഭാവികമായ പ്രവർത്തനം നഷ്ടപ്പെടുത്തിയുമാണ് കാർബൈഡ് പ്രയോഗം. ഒരു കിലോ കാർബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാൽ കച്ചവടം ലാഭമാകും. മാമ്പഴ കാലമായതോടെ മൊത്തവ്യാപാരികൾ വാടകയ്ക്കു സ്ഥലം എടുത്ത് മാങ്ങ പഴുപ്പിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്. വ്യാപാരികൾ അറിഞ്ഞുകൊണ്ടുള്ള വിഷ പ്രയോഗമല്ലെങ്കിലും മൊത്ത വില്പനക്കാർ കാർബൈഡ് കലർത്തി പഴുപ്പിച്ച മാമ്പഴം വിപണിയിലെത്തിക്കുമ്പോൾ വിൽക്കുന്നവരും കുറ്റക്കാരാകും. കാത്സ്യം കാർബൈഡിന്റെ ഉപയോഗം 1954ലെ മായം ചേർക്കൽ നിരോധന നിയമപ്രകാരം നിരോധിച്ചതാണ്. ഇത്തരം മാമ്പഴം ജ്യൂസുകളായും വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
കാത്സ്യം കാർബൈഡ് കലർന്ന മാമ്പഴ വില്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും. ഇതിന്റെ ഭാഗമായി വിപണികളിൽ പരിശോധന കർശനമാക്കും.
English Summary: Fatal chemicals like carbide are added to ripeners
You may like this video also