അച്ഛനും മകളും ഒരേ ദിവസം പിഎച്ച്ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിക്കന്ന അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. തൃശൂർ ഗവ. എന്‍ജിനീയറിംഗ് കോളജിലെ ഗവേഷണ വിദ്യാർത്ഥികളായ ശിവരാജനും മകൾ നിർമലുമാണ് ഈ അസുലഭ നേട്ടത്തിന് ഉടമകൾ. കൂടാതെ ഇരുവരെയും ഗവേഷണത്തിന് ഗൈഡ് ചെയ്തത് ഒരേ അധ്യാപിക ആണെന്ന പ്രത്യേകതയും ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. ഇരുവരും ഗവേഷണത്തിനായി തിരഞ്ഞെടുത്തത് പവർ സിസ്റ്റംസ് എന്ന പഠന മേഖലയാണ്.
1989ൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ ശിവരാജൻ കെഎസ്ഇബി ചീഫ് എന്‍ജിനീയറായി റിട്ടയർ ചെയ്തതിന് ശേഷമാണ് മുഴുവൻ സമയ ഗവേഷകനായി സർവകലാശാലയിൽ രജിസ്റ്റർ ചെയ്തത്. പിഎച്ച്ഡിക്ക് ചേരുന്നതിന് മുമ്പ് രണ്ട് എൻജിനീയറിങ് കോളജുകളിൽ അധ്യാപകനായി ജോലിയും ചെയ്തിരുന്നു ശിവരാജൻ. പാലക്കാട് എൻഎസ്എസ് എന്‍ജിനീയറിംഗ് കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയാണ് നിർമൽ. അച്ഛനുമൊത്തുള്ള പിഎച്ച്ഡി യാത്ര ഏറ്റവും മനോഹരമായ അനുഭവമായിരുന്നുവെന്ന് നിർമൽ പറയുന്നു.
കമ്പ്യൂട്ടർ മാത്രമായിരുന്നു ശിവരാജന് ബുദ്ധിമുട്ടുണ്ടാക്കിയ ഒരേയൊരു കാര്യം. “അക്കാര്യത്തിൽ നിർമൽ എന്നെ ഒരുപാട് സഹായിച്ചു.” അഭിമാനത്തോടെ ശിവരാജൻ പറയുന്നു. ഒരേ സമയം അച്ഛനും മകൾക്കും ഗവേഷണത്തിൽ ഗൈഡ് ആകാനുള്ള അവസരം കിട്ടിയ തൃശൂർ ഗവ. എന്‍ജിനീയറിങ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജാസ്മിനും ഈ നേട്ടത്തിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ്. “ഇരുവരെയും ഗൈഡ് ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട്. രണ്ട് പേരും ഗവേഷണത്തിൽ കാണിച്ച ഉത്സാഹവും താല്പര്യവും വളരെ വലുതാണ്, ” ഡോ ജാസ്മിൻ പറഞ്ഞു.
ENGLISH SUMMARY:Father and daughter present PhD Open Defense on the same day
You may also like this video