ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ കുടുംബനാഥനെയും രണ്ട് കുട്ടികളെയും കാട്ടാന ചവിട്ടിക്കൊന്നു. ഗോയിൽകേര ബ്ലോക്കിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വനത്തിനുള്ളിലെ ഒരു മരക്കുടിലിൽ താമസിച്ചിരുന്ന കുടംബമാണ് ദുരന്തത്തിന് ഇരയായത്. ആക്രമണത്തിൽ പരിക്കേറ്റ മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
രാത്രി വൈകിയാണ് കുടിലിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. രണ്ട് കുട്ടികളെയും പിതാവിനെയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തിയതായി ഫോറസ്റ്റ് റേഞ്ചർ നന്ദ്രം കുമാർ പറഞ്ഞു. കുന്ദ്ര ബഹാണ്ട, മക്കളായ കൊഡാമ ബൊഹാണ്ട, സമു ബഹാണ്ട എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ പെൺകുട്ടിക്ക് ഗോയിൽകേരയിൽ പ്രഥമശുശ്രൂഷ നൽകി. റൂർക്കേലയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണത്തിൽ ഏഴ് പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഒരേ ആന തന്നെയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് നാട്ടുകാരുടെ പരാതി. ആവർത്തിച്ചുള്ള സംഭവങ്ങൾ ഉണ്ടായിട്ടും, ആക്രമണകാരിയായ ആനയെ നിയന്ത്രിക്കുന്നതിൽ വനം വകുപ്പ് അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ, ടോണ്ടോ, മുഫാസിൽ, ഗോയിൽകേര പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഇതേ ആന നാശം വിതച്ചു. അഞ്ച് പേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

