മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മില്‍ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു. 30കാരനായ അമോല്‍ സോനാവാനെ ആണ് നവജാതശിശുവിനെ കൊന്ന് ജീവനൊടുക്കിയത്. പകുതി വെള്ളമുണ്ടായിരുന്ന ഡ്രമ്മിലാണ് അമോല്‍ കുഞ്ഞിനെ മുക്കി കൊന്നത്. ഇയാളും ഭാര്യയും നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
ദിവസങ്ങള്‍ക്കു മുമ്പാണ് അമോലും ഭാര്യയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അന്ന് കൃത്യസമയത്ത് ആളുകള്‍ കണ്ടതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമോലും ഭാര്യയും വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് ഇന്നലെ അമോല്‍ കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്. കുടുംബ കലഹമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ അമോലിന്റെ ഭാര്യ പായല്‍ ഉറക്കത്തിലായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

