കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യചെയ്തു. കടപ്പാക്കട അക്ഷയനഗര്‍ സ്വദേശി വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യചെയ്തത്. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശ്രീനിവാസപിള്ളയും ഭാര്യയും മകന്‍ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടില്‍ താമസിച്ചിരുന്നത്.
വിഷ്ണുവിന്റെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിവാസപിള്ളയേയും വിഷ്ണുവിനേയും ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വര്‍ഷത്തോളമായി പ്രാക്ടീസ് ചെയ്തിരുന്നില്ല.
വീടിന് പുറത്ത്, ട്യൂഷന്‍ സെന്ററുകളുടേയും നിര്‍മാണ കമ്പനികളുടേയും ഹോട്ടല്‍ സര്‍വീസിന്റെയുമൊക്കെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ശരിക്കുമുള്ള സ്ഥാപനങ്ങളല്ലെന്നും മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛന്‍ വെറുതെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതാണെന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍ പറയുന്നു. വിഷ്ണു രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും, രണ്ടും നിയമപരമായി വേര്‍പിരിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. ഒരിക്കല്‍ വിഷ്ണു വീടിന്റെ മുകളില്‍നിന്നും താഴേക്ക് ചാടി കാലൊടിഞ്ഞിരുന്നതായും വീട്ടില്‍ കാണാന്‍ എത്തിയവരോടൊക്കെ വിഷ്ണു ഇക്കാര്യം അഭിമാനത്തോടെ പറഞ്ഞിരുന്നതായും പറയപ്പെടുന്നു. കടപ്പാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

