തിരുവോസ്തി വാഴ്ത്തുന്ന പുരോഹിതന്റെ കൈകളിലെ ഇടയ്ക്കയുടെ താളം ശ്രദ്ധേയമാകുന്നു. എറവ് സെന്റ് തെരേസാസ് കപ്പൽപ്പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കനാണ് ഇടയ്ക്ക കൊട്ടി വ്യത്യസ്തനാകുന്നത്. ക്ഷേത്രകലയായ ഇടയ്ക്ക പഠിക്കുന്ന ഫാ. റോയ് കത്തോലിക്ക വൈദികരിൽ കേരളത്തിലെ അപൂർവ്വ വ്യക്തിത്വമാണ്. രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഫാ. റോയ് ജോസഫ് ഇടയ്ക്ക പഠിച്ചത്. ഞെരളത്ത് ഹരിഗോവിന്ദന്റെ നിർദേശപ്രകാരം ഭാരതപ്പുഴയ്ക്കടുത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തിനു സമീപത്തെ കളരിയിലായിരുന്നു പഠനം. പെരിങ്ങോട് മണികണ്ഠനാശാനാണ് ഗുരു. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ ജ്യോതി എഞ്ചിനിയറിംഗ് കോളജിൽ ചുമതലക്കാരനായി താമസിക്കുമ്പോൾ മനസിൽ മൊട്ടിട്ട ആഗ്രഹമാണ് ഇപ്പോൾ സഫലമായത്.
കലകൾ ദൈവത്തിന്റെ വലിയ അവതാര രഹസ്യങ്ങളാണ്. അത് അവതരിപ്പിക്കുന്നവർക്കും കാണുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ സന്തോഷം ജനിപ്പിക്കുന്ന ദൈവത്തിന്റെ സ്വരവിന്യാസം കുടിയാണ്. അതിനെ ഉപാസിക്കുന്നത് യഥാർത്ഥ ദൈവാരാധനയായാണ് ഫാ. റോയ് കരുതുന്നത്. ദൈവ വിചാരത്തിന്റെ ആൾരൂപമാകേണ്ട പുരോഹിതനും ദൈവസ്തുതികളുടെ ഈ താളബോധം സന്തോഷത്തിന്റെ മാറ്റൊലികളാണ് തീർക്കുന്നതെന്നും അദ്ദേഹം പറയുന്നു. നേരത്തെ ശിങ്കാരിമേളവും ബാന്റു വാദ്യവും പഠിച്ചിട്ടുള്ള ഫാദര്‍ ബാസ്ക്കറ്റ് ബോൾ ദേശീയ റഫറി കൂടിയാണ്.
You may also like this video