Site iconSite icon Janayugom Online

അച്ഛന്റെ മര്‍ദ്ദനം: കണ്ണൂരിലെ കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കണ്ണൂരില്‍ എട്ടു വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടർ നടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും.

ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.കണ്ണൂർ ചെറുപുഴയിൽ കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അച്ഛനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും കത്തിയെടുത്ത് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ വെള്ളിയാഴ്ച രാത്രിയോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ചെറുപുഴ പഞ്ചായത്തിലെ 14-ാം വാർഡിലെ ജോസാണ് ഒമ്പതും എട്ടും വയസുകാരായ കുട്ടികളെ മർദിച്ചത്. വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാൻ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നിൽക്കുന്നതും വീഡിയോയിൽ കാണാം. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ജോസിനെതിരേകേസെടുത്തത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. 

Exit mobile version