Site iconSite icon Janayugom Online

കോഴിക്കോട് ഐസ്കീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാകതമെന്ന് പൊലീസിന്റെ സ്ഥിരീകരണം. സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി അമ്മായിയായ താഹിറ(34)യെയാണ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച ഐസ്ക്രീം കഴിച്ച ശേഷം കുട്ടി ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് മരണം സംഭവിച്ചു. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഫാമിലി പാക്ക് ആയി വാങ്ങിയ ഐസ്‌ക്രീമില്‍ താഹിറ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ കടയിലും വീട്ടിലുമുള്ള ഐസ്ക്രീമിം പാക്കറ്റുകളുടെ സാംപിള്‍ പരിശോധനയ്ക്കായി എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശവും ശരീരത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു. കുട്ടിയെയല്ല ലക്ഷ്യംവച്ചത്,  സഹോദരന്റെ ഭാര്യയെയാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

 

Eng­lish Sam­mury: father’s sis­ter arrest­ed, stu­dent died after eat­ing ice cream is mur­der case

 

Exit mobile version