ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിങ്ങിനെ (114) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വാഹനമോടിച്ച ജലന്ധറിലെ കര്‍ത്താപുര്‍ സ്വദേശി അമൃത്പാല്‍ സിങ്ങ് ധില്ലനാണ് അറസ്റ്റിലായത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമൃത്പാല്‍ കാനഡയിലാണ് താമസം. ഒരാഴ്ച മുമ്പാണ് ഇന്ത്യയിലെത്തിയത്. ഇടിച്ചത് ഫൗജ സിങ്ങിനെയാണെന്ന് അറിയില്ലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. തിങ്കളാഴ്ചയാണ് ജലന്ധറിൽ വച്ച് റോഡ് മുറിച്ച് കടക്കവേ ഫൗജ സിങ്ങിന് കാർ ഇടിച്ച് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചതിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. 1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിങ് 89-ാം വയസിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയത്. 2013ൽ ഹോങ്കോങ് മാരത്തണിലാണ് അദ്ദേഹം അവസാനമായി മത്സരിച്ചത്.

