എഫ്‌സിഐ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം 22ന് തിരുവനന്തപുരത്ത് വച്ച് നടക്കും. ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ഥാപിതമായ എഫ്സിഐയും അതിൽ ജോലി ചെയ്യുന്നവരും ബഹുമുഖമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.
രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ നയങ്ങളുടെ കാതലായ സ്വകാര്യവൽക്കരണവും തൊഴിലാളി വിരുദ്ധ നിലപാടുകളും ആണ് ഇതിനു കാരണം. തൊഴിലാളികളുടെ അധ്വാന ഭാരം കൂടുകയും കൂലിയും ആനുകൂല്യങ്ങളും സംഘടനാ സ്വാതന്ത്ര്യവും കുറയുകയും ചെയ്യുന്നു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായും തൊഴിലാളികൾക്ക് എതിരായും മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് കാനം രാജേന്ദൻ നഗറിൽ വച്ച് (കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹാൾ) നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റും മുൻ എംപിയുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വിജയൻ കുനിശേരി, പി വിജയകുമാർ, എം പി ഗോപകുമാർ, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, പി എസ് നായിഡു, ടി എസ് ദാസ് എന്നിവർ സംസാരിക്കും.