Site iconSite icon Janayugom Online

സർക്കാർ ജോലി നഷ്ടമാകുമെന്ന ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ചയുടൻ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ

സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികൾ. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണു സംഭവം. കു‍ഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷകരായത്. ഒരു ദിവസം മുഴുവൻ തണുപ്പും ഉറുമ്പുകളുടെ കടിയും സഹിച്ചാണ് കുഞ്ഞ് അതിജീവിച്ചത്.

സർക്കാർ സ്കൂളിലെ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയുമാണ് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ 2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്കുണ്ട്. നിലവിൽ മൂന്നു കുട്ടികളുള്ള ദമ്പതികൾ നാലാമത്തെ കുഞ്ഞിന്റെ ഗർഭധാരണം രഹസ്യമാക്കി വയ്ക്കുകയും പ്രസവശേഷം ഉപേക്ഷിക്കുകയുമായിരുന്നു. സെപ്തംബർ 23ന് വീട്ടിൽവച്ചാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നൽകുന്നത്. മണിക്കൂറുകൾക്കകം തന്നെ ഇവർ ശിശുവിനെ കാട്ടിൽ ഒരു കല്ലിനടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പിറ്റേന്ന് പ്രഭാത സവാരിക്കെത്തിയവർ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ ഏതോ മൃഗമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അടുത്തു ചെന്നപ്പോൾ കൈകൾ കാണുകയായിരുന്നു. ചോരപുരണ്ട്, ഉറുമ്പു കടിച്ച പാടുകളോടെയും തണുത്ത്, ശരീര താപനില കുറഞ്ഞ അവസ്ഥയിലുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്തെന്നും, കുട്ടി രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടർമാര്‍ പറഞ്ഞു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ, ഭാരതീയ ന്യായ സംഹിത പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിനാണ് കേസ്. നിയമോപദേശം ലഭിച്ച ശേഷം കൊലപാതക ശ്രമത്തിന് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version