Site iconSite icon Janayugom Online

ഫെബ്രുവരി 14. സഖാവ് ആര്‍ സുഗതന്‍ ദിനം

ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണ്. പശുപ്രണയത്തിന്റെ ദിനമാക്കുന്നതിനും ശ്രമം നടന്നു. എന്നാല്‍ പുഴുക്കളെപ്പോലെ നരകിച്ചു ജീവിച്ച ഒരു വലിയ വിഭാഗം മനുഷ്യരുടെ ജീവിതങ്ങളെ തന്നെ മാറ്റിയെഴുതിയ ഒരു വിപ്ലവകാരിയുടെ ദീപ്തമായ സ്മരണ ദിനം എന്ന നിലയില്‍ ഈ ദിനത്തെസ്മരിക്കപ്പെടേണ്ടതുണ്ട്. ഒരുനാട് മുഴുവനും അവരുടെ പ്രണയമത്രയും ആ ധീരനേതാവില്‍ ചൊരിയുകയാണ്.

മാനവികതയെ കമ്മ്യൂണിസത്തിനാല്‍ പ്രണയിച്ച തൊഴിലാളി പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സമാനതകളില്ലാത്ത മനുഷ്യസ്‌നേഹിയായ തൊഴിലാളി നേതാവ് സഖാവ് ആര്‍ സുഗതന്റെ അനുസ്മരണ ദിനം ആണ് ഫെബ്രുവരി 14. യൗവനം വിപ്ലവ തീഷ്ണവും ത്യാഗനിര്‍ഭരവും ആയിരുന്ന ജീവിത കാലഘട്ടത്തിനിടെ മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയ വക്താവായിരുന്നു സഖാവ്. ഇന്ത്യന്‍ തൊഴിലാളി പോരാട്ടങ്ങളുടെ സമരഭൂമിയില്‍ മനുഷ്യരക്തംകൊണ്ട് മണല്‍ത്തരികളെ ചുവപ്പിച്ച പുന്നപ്ര വയലാര്‍ സമരത്തിലെ മുന്നണി പോരാളി. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിലെ തൊഴിലാളികള്‍ നടത്തിയ സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു പുന്നപ്ര വയലാര്‍ സമരം. പ്രായപൂര്‍ത്തി വോട്ടവകാശവും ഉത്തരവാദ ഭരണവും അടക്കമുള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ സര്‍ സിപിയുടെ പട്ടാളത്തിന്റെ യന്ത്രത്തോക്കുകള്‍ക്ക് മുന്നില്‍ പൊരുതി നേടിയ അവകാശങ്ങള്‍ ആയിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍ ആര്‍ സുഗതനാണ്.

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പോലും നിരോധിച്ചിരുന്ന കാലം
‘മെയ്ദിനം വന്നു നില്‍ക്കുന്നു
നമ്മെ കൈവിടാതെ തോഴനായി
മെയ്ദിന മന്നു നമ്മുടെ തോഴര്‍
‘മെയ്‘വെടിഞ്ഞതാം വാസരം
പൂത്ത വാകതന്‍ ചെങ്കൊടിയുമായി
മെയ്ദിനം വന്നുനില്‍ക്കുന്നു
കോട്ടക്കൊത്തളം പീരങ്കി -
തൊട്ടു കൂട്ടാളര്‍ക്കുള്ള കോപ്പുകള്‍
നമ്മെയൊക്കെ ഒരുമിച്ചൊന്നായി
അനങ്ങുമെങ്കില്‍ തകര്‍ന്നു പോം’
കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം സര്‍ സിപിയുടെ മര്‍ദ്ദനോപാധികള്‍ മുഴുവന്‍ ഉപയോഗിച്ച് ഇല്ലാതാക്കുവാന്‍ നോക്കിയ കാലത്ത് സഖാക്കളെ പ്രതീക്ഷയുടെ പ്രകാശം പരത്തിയ സഖാവ് സുഗതന്‍ എഴുതിയ ഉജ്ജ്വലമായ വരികള്‍ ആണിത്.

ജാതിയതയുടെ തീണ്ടാപ്പാട് അകലങ്ങളില്‍ അവണര്‍ എന്ന് മനുഷ്യരെ മുദ്രകുത്തി നിലത്ത് കുഴികുത്തി കഞ്ഞിയും ചിരട്ടയില്‍ ചായയും നല്‍കിയിരുന്ന ജാതിവെറിക്കെതിരെ സവര്‍ണ മേല്‍ക്കോയ്മയെ വെല്ലുവിളിച്ച് ആദ്യം പിക്കറ്റിങ് സമരം ചെയ്തത് സഖാവ് ആര്‍ സുഗതനാണ്. അനാചാരങ്ങള്‍ക്കും ജാതി വിവേചനങ്ങള്‍ക്കും എതിരെ ശക്തമായി പൊരുതി നിന്നു, സഖാവ്.
1901 ഡിസംബര്‍ 25ന് ആലപ്പുഴയിലെ ആലിശ്ശേരിയില്‍ ആണ് സഖാവ് ആര്‍ സുഗതന്റെ ജനനം. ശ്രീധരന്‍ എന്നായിരുന്നു ആദ്യകാലത്ത് അദ്ദേഹത്തിന്റെ പേര്. ശ്രീബുദ്ധന്റെ ആശയ സംഹിതകളും സഹോദരനയ്യപ്പന്റെ നിരീശ്വര പ്രസ്ഥാനവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ആശയപ്രചരണം നടത്തിയിരുന്ന സഖാവിന് അക്ഷരാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികമാറ്റം ഉണ്ടാക്കാന്‍ കഴിയൂ എന്ന് ബോധ്യമുണ്ടായിരുന്നു.

ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളില്‍ നിന്നും പബ്ലിക് പരീക്ഷ എഴുതിയ 33 പേരില്‍ വിജയികളായ രണ്ടുപേരില്‍ ഒരാള്‍ സഖാവ് ആര്‍ സുഗതനാണ്. ആ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസ യോഗ്യതയായിരുന്നു അത്. കാഞ്ഞിരംചിറ കണ്ടയാശാന്‍ എന്ന മാനേജരുടെ സ്‌കൂളില്‍ അദ്ദേഹം അധ്യാപകനായി. മാനേജര്‍ മാസങ്ങളോളം ശമ്പളം നല്‍കാതിരിക്കുകയും ജോലിയില്‍ നിന്ന് പറഞ്ഞു വിടുകയും ചെയ്തു. രക്ഷിതാക്കളുടെ പ്രതിഷേധത്തിന് വഴങ്ങി മാനേജര്‍ക്ക് സഖാവിനെ തിരിച്ചുവിളിക്കേണ്ടി വന്നു.

തനിക്ക് ചുറ്റുമുള്ള തൊഴിലാളികളുടെ നരകയാതനകള്‍ തിരിച്ചറിഞ്ഞ് അവരുടെ ദയനീയമായ ജീവിതത്തിന്റെ പരിഹാരം കാണുവാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം അധ്യാപനം ഉപേക്ഷിച്ച് യൂണിയന്‍ രംഗത്ത് സജീവമായി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും മികച്ച ട്രേഡ് യൂണിയന്‍ നേതാവായി നിലകൊള്ളുന്നതിനും സഖാവിന്റെ പാടവം ചെറുതായിരുന്നില്ല. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ആ കാലത്ത് ഏറ്റെടുത്ത സമരങ്ങള്‍ ഇതിനു ഉദാഹരണമാണ്. ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവിതാംകൂര്‍ കയര്‍ തൊഴിലാളി യൂണിയന്റെ ആദ്യ ജനറല്‍ സെക്രട്ടറി സഖാവ് ആര്‍ സുഗതന്‍ ആയിരുന്നു. കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഉള്‍നാടന്‍ ചരക്ക് തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമേ, മാലിന്യ സംസ്‌കരണ പ്രവൃത്തികളിലേര്‍പ്പെട്ടിരുന്ന തോട്ടി തൊഴിലാളികളെയും സംഘടിപ്പിച്ചത് സഖാവാണ്.

തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി രക്തസാക്ഷി കെ ബാവയുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച 1938ലെ പ്രക്ഷോഭത്തില്‍ സഖാവ് അടക്കമുള്ള നേതാക്കന്മാര്‍ തുറങ്കില്‍ അടക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം 20 വര്‍ഷക്കാലത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുള്ള സഖാവാണ് ആര്‍ സുഗതന്‍.

1952 അമ്പലപ്പുഴയില്‍ നിന്നും വിജയിച്ച് നിയമസഭാംഗമായി.1954,1957,1960 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം ജനപ്രതിനിധിയായി സഭയിലെത്തി. മികച്ച സംഘാടകന്‍, വാഗ്മി, എഴുത്തുകാരന്‍, തൊഴിലാളി വര്‍ഗ്ഗത്തിനായി ജീവിതം സമര്‍പ്പിച്ച ഉറച്ച പോരാളി എന്നിങ്ങനെ വിശേഷണങ്ങളോടുങ്ങാത്ത പാഠപുസ്തകം തന്നെയാണ് വരുംതലമുറയ്ക്ക് സഖാവിന്റെ ജീവചരിത്രം. 1970 ഫെബ്രുവരി 14ന് തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത വിപ്ലവ തീക്ഷ്ണതയുള്ള മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. ആ സ്‌നേഹത്തെ നാട് ഈവിധം പ്രണയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

 

Eng­lish Sam­mury: cpi leader and trade union­ist of Ker­ala, com.r sugath­an death anniversary

Exit mobile version