എസ്എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന് ഫീസ് ഈടാക്കുന്നത് പുതിയ തീരുമാനമാനമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2013 മുതൽ ഫീസ് ഈടാക്കുന്നുണ്ട്. ഈ നടപടിക്രമം തുടർന്നു എന്നേയുള്ളൂ.
2013 ജനുവരിയിൽ പുറപ്പെടുവിച്ച സർക്കുലർ ഇതിന് തെളിവാണ്. അന്ന് യുഡിഎഫായിരുന്നു ഭരണത്തിൽ. പി കെ അബ്ദുറബായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി. താൻ ഒപ്പിട്ട ഉത്തരവാണെന്ന സത്യം മറന്നുകൊണ്ടാണ് പി കെ അബ്ദുറബ്ബ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
സ്വന്തം വകുപ്പിൽ എന്താണ് നടന്നതെന്ന് അറിയാത്ത വിദ്യാഭ്യാസമന്ത്രിയായിരുന്നു അദ്ദേഹം എന്നതിന് ഇതിലും വലിയ തെളിവില്ല. 2013 ൽ ഈ സർക്കുലർ ഇറക്കിയപ്പോൾ കെഎസ്‌യു സമരം ചെയ്തില്ലല്ലോ എന്നും മന്ത്രി ചോദിച്ചു. ഇത് രാഷ്ട്രീയക്കളിയാണ്. കെഎസ്‌യുക്കാരോട് ഒന്നേ പറയാനുള്ളൂ. പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്എസ്എൽസി പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് 40 ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നത്. ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായാണ് ഈ തുക വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരീക്ഷകൾ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വകുപ്പാണ് ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിതരണം ചെയ്തു.
അബ്ദുറബ്ബിന്റെ കാലത്തുള്ളതു പോലെ പുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികൾക്കില്ല. ഓണം നേരത്തെ വന്നാലും നേരം വൈകി വന്നാലും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികൾ കൃത്യസമയത്തിന് തന്നെ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണത്തിനായുള്ള സ്പെഷ്യൽ റൂൾസ് ഭേദഗതി അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് സമയക്രമം തയറാക്കിയതായും അദ്ദേഹം പറഞ്ഞു.
English SUmmary: Fee imposed for SSLC question paper not a new decision: Education Minister
You may also like this video
You may also like this video