പേടിഎം, ഗൂഗിള്‍ പേ പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പണമിടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
യുപിഐയിലെ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം ഫീസാണ് ഈടാക്കുക. വ്യാപാരികളുമായി നടത്തുന്ന പര്‍ച്ചേസ് ഇടപാടുകള്‍ക്കാകും ഇന്‍ര്‍ചേഞ്ച് ചാര്‍ജ്ജ് ബാധകമാവുക. തുക വ്യാപാരിയില്‍ നിന്നുമാകും ഈടാക്കുക. യുപിഐ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഗത ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടി വരില്ല.
ഇടപാടുകൾ സ്വീകരിക്കുക, പ്രോസസ് ചെയ്യുക, അംഗീകാരം നൽകുക എന്നീ ചെലവുകൾ നികത്തുന്നതിനാണ് ഫീസ് ഈടാക്കുന്നതെന്ന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇടപാടുകൾ കൂടുതൽ ചെലവേറിയതായേക്കും. പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ വാലറ്റുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പുതിയ നിർദേശം ബാധകമാണ്.
യുപിഐ ഇടപാടുകളുടെ ഉയർന്ന ചെലവിൽ ബുദ്ധിമുട്ടുന്ന ബാങ്കുകളുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഉപയോക്താക്കൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറാൻ സാധിക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയവും കൂടുതൽ ഉപയോഗിക്കുന്നതുമായ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ.
English Summary: Fees will be charged for UPI transactions; The new law will come into effect from April 1
You may also like this video