Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. പ്രധാന വിമർശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.

ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു “ഒഴിവാക്കൽ” നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതൽ ഈ റിപ്പോർട്ടിൽ പറയുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയൻ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമർശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്. സ്ത്രീ ശാക്തീകരണത്തിൽ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോർട്ടിൽ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേർത്തിരിക്കുന്നത് അതുകൊണ്ടാണ്. “ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി” എന്ന് റിപ്പോര്‍ട്ടില്‍ ചേർത്തതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Exit mobile version