നൃത്തപരിപാടി കാണാനെത്തിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് വിഐപി പവിലിയനിൽ നിന്ന് വീണ് പരിക്കേറ്റു. ഏകദേശം 20 അടി താഴ്ചയിലേക്കാണ് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ എംഎല്‍എയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയാണ് അപകടം.
ഗാലറിയില്‍ താല്‍ക്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് എംഎല്‍എ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തലയടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കൽ സംഘം ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.