Site iconSite icon Janayugom Online

വൈവ പരീക്ഷ സമയത്ത് വിദ്യാർഥിനികളോട് മോശമായി പെരുമാറി; അധ്യാപകൻ അറസ്റ്റിൽ

അടഞ്ഞ ക്ലാസ് മുറിയിൽ പരീക്ഷ നടക്കുന്നതിനിടെ സർക്കാർ കോളജിലെ 13 വിദ്യാർഥികളോട് ലൈംഗികച്ചുവയോടെ പെരുമാറിയതിന് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ഡോ. അബ്ദുൾ അലീം അൻസാരിയാണ് അറസ്റ്റിലായത്. ഒരു വിദ്യാർഥിനിയുടെ കൈപ്പത്തിയിൽ തന്റെ മൊബൈൽ നമ്പർ എഴുതി നൽകിയതായും, വീട്ടിലെത്തിയ ശേഷം രാത്രി തന്നെ വിളിക്കാൻ ആവശ്യപ്പെട്ടതായും പരാതി ഉണ്ട്. ബിഎസ് സി പ്രാക്ടിക്കൽ പരീക്ഷയുടെ വൈവ സമയത്ത് വിദ്യാർഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ഒരു വിദ്യാർഥിനി നൽകിയ പരാതിപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാർക്ക് കുറയ്ക്കുമെന്ന് അൻസാരി ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെട്ടു. ഒരു വിദ്യാർഥിനി പരീക്ഷാമുറിയിൽനിന്ന് പുറത്തുവന്ന ശേഷം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചപ്പോൾ, മറ്റു വിദ്യാർഥിനികളും പ്രൊഫസറിൽനിന്ന് സമാനമായ ദുരനുഭവങ്ങൾ നേരിട്ടതായി വെളിപ്പെടുത്തുകയായിരുന്നു. ഇതിനിടെ, ബുധനാഴ്ചയും വ്യാഴാഴ്ചയും അൻസാരി നടത്തിയ രണ്ട് പ്രാക്ടിക്കൽ പരീക്ഷകൾ റദ്ദാക്കിയതായി കോളജ് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ, വിദ്യാർഥിനികളെ സ്പർശിച്ച കാര്യം അൻസാരി സമ്മതിച്ചു. എന്നാൽ ഇതിനു പിന്നിൽ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അൻസാരി പറഞ്ഞു.

Exit mobile version