ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ബസിൽനിന്നിറങ്ങി റോഡ് മുറിച്ചുകടക്കവെ കെഎസ്ആർടിസി ബസിടിച്ച് വലതുകാൽമുട്ടിന് താഴെ മുറിച്ചുമാറ്റിയ വിധിക്ക് മുന്നിൽ തളരാതെയാണ് പാലക്കാട്ടുകാരി പി സി ദിവ്യ മത്സരിച്ചത്. എച്ച്എസ്എസ് വിഭാഗം പ്രവൃത്തിപരിചയമേളയിലെ മുള ഉൽപന്ന നിർമാണത്തിൽ മികവുകാട്ടി എ ഗ്രേഡ് വിജയവും സ്വന്തമാക്കി. പാലക്കാട് അഗളി ഗവ. എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി പെൺകരുത്തിന്റെ പ്രതീകമാണ്. പ്രവർത്തിപരിചയമേളയിൽ മുളകൊണ്ടുള്ള കുട്ട, മുറം, തവി, പൂക്കൂട എന്നിവയാണ് നിർമിച്ചത്. അപകടത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ദിവ്യയുടെ കണ്ണ് നിറയുമെങ്കിലും അവളുടെ കൈകൾ തളരില്ല. പാലക്കാട് ചെമ്മണ്ണൂർ പുത്തൻപുര ചന്ദ്രൻ, കുമാരി ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഇളയവളാണ്. അഞ്ച് വയസുള്ളപ്പോഴാണ് ദിവ്യയുടെ ജീവിതം ഇരുട്ടിലാക്കിയ അപകടമുണ്ടായത്. കാൽ മുറിച്ചുമാറ്റിയതിന് പിന്നാലെ നാല് വർഷത്തോളം സ്കൂളിൽപോകാനായില്ല. ബിആർസി അധ്യാപകർ വീട്ടിലെത്തിയാണ് ക്ലാസെടുത്തത്. പിന്നീട് കൃത്രിമക്കാൽ വെച്ചതോടെ കൂലിപ്പണിക്കാരനായ അച്ഛൻ ചന്ദ്രനാണ് സ്കൂളിലെത്തിച്ച് വീട്ടിൽ തിരിച്ചുകൊണ്ടുവരുന്നത്. പ്ലസ്‌വൺ ഹ്യൂമാനിറ്റീസ് ബാച്ച് വിദ്യാർത്ഥിനിയാണ്. അഞ്ചാം ക്ലാസ് മുതൽ മുള ഉൽപന്ന നിർമാണം പരിശീലിക്കുന്നുണ്ട്. ബാംബൂ തൊഴിലാളികളായ അപ്പൂപ്പനും അമ്മൂമ്മയുമാണ് പരിശീലകർ.