Site iconSite icon Janayugom Online

പുരുഷന്മാരുടെ ആജ്ഞകള്‍ക്ക് കീഴടങ്ങുന്ന സ്ത്രീ വോട്ടര്‍മാരുടെ അവസ്ഥയില്‍ മാറ്റം; ജനാധിപത്യത്തിന്റെ ഗതി നിര്‍ണയിക്കുക സ്ത്രീശക്തി

woman voterswoman voters

സമീപ ദശകങ്ങളിൽ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ വികാസങ്ങളിലൊന്ന് സ്ത്രീകളുടെ വർധിച്ചുവരുന്ന തെരഞ്ഞെടുപ്പ് പങ്കാളിത്തവും സ്ത്രീ വോട്ടർമാരുടെ വർധനയും. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾക്കിടയിലെ പൊതുവായ ചിത്രവും സ്ത്രീവോട്ടർമാരുടെ വർധനയാണ്. ലോക്‌സഭയിലെയും നിയമസഭകളുടെയും വോട്ടിങ് ഡാറ്റ സൂക്ഷിക്കുന്ന ‘ലോക്ധാബ’യിലെ കണക്കുകളനുസരിച്ച് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സ്ത്രീകൾ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

1962 ൽ ആദ്യമായി, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, പുരുഷൻമാരുടെയും സ്ത്രീകളുടെയും പോളിങ് ശതമാനം വെവ്വേറെ ലഭ്യമാക്കി. അന്ന് പുരുഷന്മാരുടെ പോളിങ് ശതമാനം 63.31 ശതമാനവും സ്ത്രീകളുടെ പോളിങ് 46.63 ശതമാനവുമായിരുന്നു. 2019 ആയപ്പോഴേക്കും സ്ത്രീകളുടെ പോളിങ് 20.55 ശതമാനം വർധിച്ചു. പുരുഷന്മാരുടേതില്‍ 3.71 ശതമാനം മാത്രമായിരുന്നു വര്‍ധന. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പുതിയൊരു ചരിത്രവും കുറിച്ചു; സ്ത്രീകളുടെ പോളിങ് ശതമാനം പുരുഷന്മാരുടേതിനെക്കാള്‍ ഉയര്‍ന്നു. 1962 നും 2018 നുമിടയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പോളിങ് 27 ശതമാനം വർധിച്ചു.

കഴിഞ്ഞ 50 വർഷത്തിനിടെ ഉത്തർപ്രദേശിലെ സ്ത്രീകളുടെ വോട്ട് 39 ശതമാനത്തിൽ നിന്ന് 59 ശതമാനമായി. ഇതേ കാലയളവിൽ പഞ്ചാബില്‍19 ശതമാനം വർധിച്ചു. പഞ്ചാബിലെ പുരുഷ പോളിങ് ശതമാനം വര്‍ധിച്ചത് വെറും എട്ട് ശതമാനമാണ്. മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ 2002 മുതൽ 2017 വരെയുള്ള 15 വർഷത്തിനിടെ സ്ത്രീകളുടെ പോളിങ്ങിൽ 17 ശതമാനം വർധനവുണ്ടായി. മണിപ്പുരില്‍ സ്ത്രീകളുടെ പോളിങ് 1967 ലെ 67.99% ശതമാനത്തിൽ നിന്ന് 2017ൽ 81.36 ശതമാനമായി. ആയി ഏതാണ്ട് 14 ശതമാനം വർധിച്ചു. അഞ്ച് പതിറ്റാണ്ടിനിടെ ഗോവയിൽ സ്ത്രീകളുടെ വോട്ട് 16.52 ശതമാനമാണ് ഉയർന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ യുപി, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും സ്ത്രീകളുടെ വോട്ടിങ് ശതമാനം പുരുഷന്മാരേക്കാൾ കൂടുതലായിരുന്നു. ഇത് തുടരുക മാത്രമല്ല, വലിയ വർധനവ് ഉണ്ടായേക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ പോളിങ് ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും സ്ത്രീ-പുരുഷ അനുപാതം വളരെ മോശമായ നിലയില്‍ തന്നെയാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടര്‍മാരുള്ളിടത്തും പുരുഷ വോട്ടര്‍മാര്‍ തന്നെയാണ് പോളിങ്ങില്‍ കൂടുതല്‍ പങ്കെടുക്കുന്നത്. എന്നാല്‍ പുരുഷന്മാരുടെ ആജ്ഞകള്‍ക്ക് കീഴടങ്ങുന്ന സ്ത്രീ വോട്ടര്‍മാരുടെ അവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. സെന്റർ ഫോർ ഡവലപ്പിങ് സൊസൈറ്റീസ് 2014 ല്‍ നടത്തിയ ഒരു സർവേയിൽ 70 ശതമാനം സ്ത്രീകളും ആർക്ക് വോട്ട് ചെയ്യണമെന്ന് അവരുടെ ഭർത്താക്കന്മാരോട് കൂടിയാലോചിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി.

പുരുഷന്മാരുടെയും സ്ത്രീകളുടെയും വോട്ടിങ് ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് പോളിങ്ങ് ശതമാനത്തിലെ ലിംഗാനുപാതം ഫലത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ യുപിഎയെക്കാൾ എൻഡിഎയുടെ ലീഡ് പുരുഷന്മാരിൽ 19 ശതമാനവും സ്ത്രീകളിൽ ഒമ്പത് ശതമാനവുമായിരുന്നു. ഈ പാറ്റേണില്‍ പുരുഷന്മാർ മാത്രം വോട്ട് ചെയ്തിരുന്നെങ്കിൽ എൻഡിഎ 40 സീറ്റുകൾ കൂടുതൽ നേടുമായിരുന്നു. സ്ത്രീകൾ മാത്രം വോട്ട് ചെയ്തിരുന്നെങ്കിൽ എൻഡിഎയ്ക്ക് 71 സീറ്റുകൾ കുറയും. കേവലഭൂരിപക്ഷത്തിനുള്ള 272 ൽ നിന്ന് ഏഴ് സീറ്റുകൾ കുറവേ അവര്‍ക്ക് ലഭിക്കുമായിരുന്നുള്ളു. ഈ സാഹചര്യത്തില്‍ സ്ത്രീ വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ വിവിധ പദ്ധതികളും തന്ത്രങ്ങളും പ്രകടനപത്രികകളുമായാണ് പാർട്ടികൾ തെരഞ്ഞെടുപ്പ് നേരിടുന്നത്.

Eng­lish Sum­ma­ry: Fem­i­nism deter­mines the course of democracy

You may like this video also

Exit mobile version