Site iconSite icon Janayugom Online

തിരിച്ചുവന്ന കാഴ്ചയുടെ ഉത്സവം

ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മാര്‍ച്ച് 25 വെള്ളിയാഴ്ച സമാപിച്ചു. കോസ്റ്ററിക്കന്‍ സംവിധായിക നതാലി അല്‍വാരെഡ് മെസന്റയുടെ ‘ക്ലാര സോള’ എന്ന ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും നേടി. മത്സരിച്ച പതിനാല് ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. ചിലപ്പോള്‍ വ്യത്യസ്തമായ മറ്റൊരു കൂട്ടം വിധികര്‍ത്താക്കള്‍ ആയിരുന്നെങ്കില്‍ മറ്റൊരു ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടേക്കാം. കാരണം മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളെല്ലാം തന്നെ അവ കെെകാര്യം ചെയ്ത പ്രമേയങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു. മികച്ച സംവിധായികക്കുള്ള രജത ചകോരം അര്‍ജന്റീനിയന്‍ സംവിധായിക ഇനേസ് ബാരിയോക്ക് നേടിക്കൊടുത്ത ‘കാമില കംസ് ഔട്ട് ടു നെെറ്റ്’, നെറ്റ് പാക്ക് പുരസ്കാരം നേടിയ തമിഴ് സംവിധായകന്‍ വിനോദ് രാജിന്റെ ‘കുഴങ്കല്‍’ എന്നീ ചലച്ചിത്രങ്ങളൊക്കെ മത്സരവിഭാഗത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയവ തന്നെയാണ്. തീര്‍ച്ചയായും കോവിഡ് മഹാമാരിയുടെ കാലം കഴിഞ്ഞ് ലോക ചലച്ചിത്ര മേഖലയില്‍ തിരിച്ചുവന്ന വലിയൊരുണര്‍വിനെ മത്സരചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. ഏറെ പുരസ്കാരങ്ങള്‍ ലഭിച്ച ‘ക്ലാര സോള’ എന്ന സ്വീഡിഡ് ചിത്രവും ‘കാമില കംസ് ഔട്ട് ടു നെെറ്റും’ സ്ത്രീപക്ഷ സിനിമകളായിരുന്നു. പരമ്പരാഗത സമൂഹത്തിന്റെ ധാരണകളെ തിരുത്തുന്ന പ്രമേയങ്ങളായിരുന്നു അവ അവതരിപ്പിച്ചത്. വ്യക്തിസ്വാതന്ത്ര്യം ആഘോഷമാക്കിയ ചിത്രങ്ങള്‍ക്കിടയില്‍ പുരസ്കാരങ്ങളൊന്നും ലഭിക്കാതെ കടന്നുപോയ ഒരു ചലച്ചിത്രത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 26-ാം കേരള അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഏറെ ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന ഒരു ചിത്രം തുര്‍ക്കിയില്‍ നിന്നുള്ള എമിറേ കെയ്സ് എന്ന സംവിധായകന്റെ ‘അനട്ടോളിയന്‍ ലെപ്പേര്‍ഡ്’ ആയിരുന്നു. അനട്ടോളിയന്‍ കടുവ വംശനാശത്തിലേക്കടുക്കുന്ന ഒരു ജന്തുവര്‍ഗമാണ്. ആല്‍പ്സിലും അനട്ടോളിയന്‍ മലനിരകളിലും കാക്കസസ് പര്‍വതനിരകളിലും അപൂര്‍വമായി അഫ്ഗാനിസ്ഥാനിലും കാണപ്പെട്ടിരുന്ന ഇത്തരം പേര്‍ഷ്യന്‍ കടുവകള്‍ ഇന്ന് ആകെ ആയിരത്തില്‍ താഴെ മാത്രമെ ഉള്ളു. അതിനാല്‍ത്തന്നെ ഇറാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി, ജോര്‍ജിയ, റഷ്യ, അര്‍മേനിയ, യൂറോപ്യന്‍ യൂണിയന്‍ ഇവിടങ്ങളിലെല്ലാം സംരക്ഷിത ജന്തുവര്‍ഗമായി പ്രഖ്യാപിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. തുര്‍ക്കിയില്‍ 2005ലെ കണക്കനുസരിച്ച് അഞ്ച് പേര്‍ഷ്യന്‍ കടുവകളില്‍ താഴെ മാത്രമാണുണ്ടായിരുന്നത്. ജോര്‍ജിയയിലും ഇറാക്കിലും റഷ്യയിലുമെല്ലാം പത്തില്‍ താഴെ മാത്രം. കടുവയില്‍ നിന്നും ചലച്ചിത്രത്തിലേക്ക് വരുമ്പോള്‍ നമ്മളെത്തിച്ചേരുന്നത് തുര്‍ക്കിയിലെ അങ്കാറയിലെ ഏറ്റവും പുരാതനമായ ഒരു മൃഗശാലയിലേക്കാണ്. എമിറേ കയ്സിന്റെ ആദ്യ ചലച്ചിത്രം ഈ പുരാതനമായ മൃഗശാലയെ അതിലെ പ്രായംചെന്ന മൃഗങ്ങളെയും മൃഗപാലകരെയും കുടിയൊഴിപ്പിച്ച് വിദേശ മുതല്‍മുടക്കുകാര്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ വിറ്റുതുലയ്ക്കാന്‍ അമിതാവേശവുമായി നില്‍ക്കുന്ന സ്ഥലം മേയറെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തടയാന്‍ ശ്രമിക്കുന്ന മൃഗഡോക്ടറായ സൂ ഡയറക്ടറുടെയും അയാളുടെ സഹപ്രവര്‍ത്തകയുടെയും കഥയാണ്.


ഇതുകൂടി വായിക്കാം; ചുട്ടെടുക്കുന്ന ചരിത്രം മിഥ്യ


ചിത്രത്തിന്റെ ആരംഭഘട്ടത്തില്‍ അങ്കാറ നഗരത്തിലെ ഒരു പ്രധാന പൊതു ഇടമായ അനേകം ഏക്കര്‍ വിസ്തൃതിയുള്ള മൃഗശാലയിലെ മൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള തയാറെടുപ്പുകളും കെട്ടിടങ്ങളും മറ്റും നിരപ്പാക്കാനായി കാത്തുനില്‍ക്കുന്ന ബുള്‍ഡോസറുകളുടെയും കാഴ്ചയില്‍ നിന്ന് മേയറുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്യോഗസ്ഥരുടെയും വിദേശ നിക്ഷേപകരുടെയും യോഗത്തിലേക്കാണെത്തുന്നത്. എത്രയും വേഗം വിദേശികള്‍ക്ക് സ്ഥലം തീറെഴുതാനുള്ള തിരക്കിലാണ് മേയറും കൂട്ടരും. മേയര്‍ക്ക് ഈ സീന്‍ ഉറപ്പിച്ച് എത്രയും വേഗം മന്ത്രിയെ അറിയിക്കണം. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി വരാന്‍ പോവുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ആനിമേഷന്‍ വീഡിയോ കാണിക്കുന്നുമുണ്ട്. റോളര്‍ കോസ്റ്ററുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്നു. ‘അലാവുദ്ദീന്റെ അത്ഭുതവിളക്ക്’ എന്നു പേരിട്ട പാര്‍ക്കിന്റെ വിവിധ ദൃശ്യങ്ങള്‍ ത്രീഡിയില്‍ മിന്നിമറയുന്നു. പൊതുമുതല്‍ വിറ്റാല്‍ കിട്ടുന്ന കമ്മീഷന്റെ ലഹരിയിലാണ് മൃഗശാല ഡയറക്ടറൊഴികെയുള്ള മറ്റെല്ലാവരും. ആകെയുള്ള തടസം ‘അനട്ടോളിയന്‍ കടുവ’യാണ്. ഈ സംരക്ഷിത മൃഗത്തിനെ ഏറ്റെടുക്കാന്‍ മറ്റൊരു മൃഗശാല തയാറാവണം. ഇല്ലെങ്കില്‍ മൃഗശാല പൊളിച്ചുമാറ്റുന്നതിനെതിരെ കേസുകള്‍ വരും. അതിനാല്‍ എത്രയും വേഗം മറ്റൊരു മൃഗശാലയുടെ സമ്മതം വാങ്ങണം. യോഗത്തില്‍ വിദേശ നിക്ഷേപകര്‍ ഒരാവശ്യം ഉന്നയിക്കുന്നു. പുതുവര്‍ഷത്തിനുമുമ്പ് അവര്‍ക്ക് എഗ്രിമെന്റ് ഒപ്പുവയ്ക്കണം. അതിനപ്പുറത്തേക്ക് നീങ്ങാന്‍ അവര്‍ക്ക് താല്പര്യമില്ല. മേയറും കൂട്ടരും അവര്‍‌ക്ക് ഉറപ്പുനല്കുന്നു. മൃഗശാല ഡയറക്ടറുടെ പിന്നീടുള്ള ശ്രമങ്ങള്‍ കടുവയെ കെെമാറുന്നത് താമസിപ്പിക്കുക വഴി മൃഗശാലയെ രക്ഷിക്കുവാനാണ്. അതിനിടയില്‍ ഡയറക്ടര്‍ക്ക് പുതിയ വിദേശ കമ്പനിയില്‍ നല്ല ജോലി നല്കാം എന്ന വാഗ്ദാനവും വരുന്നുണ്ട്. ഭൂമി കച്ചവടക്കാര്‍ കിട്ടാവുന്ന ഭൂമിയാകെ കയ്യടക്കുന്നതിന്റെ പരാമര്‍ശങ്ങളും ഇതിനിടയിലുണ്ട്. പക്ഷെ മൃഗശാല സംരക്ഷിക്കുവാനുള്ള അവസാന ശ്രമവും തകരുന്നു. പുതുവത്സരാഘോഷ ദിവസം രാത്രി പേര്‍ഷ്യന്‍ കടുവ ചാവുന്നു. ആ രാത്രിയില്‍ തന്നെ ഡയറക്ടറും ഒരു പരിചാരകനും ചേര്‍ന്ന് മൃഗശാലയിലെ ചതുപ്പുനിലത്തില്‍ കടുവയെ അടക്കം ചെയ്യുന്നു. തുറന്ന കൂട്ടില്‍ നിന്ന് കടുവ രക്ഷപ്പെട്ടു എന്ന ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നു. ഈ വാര്‍ത്ത അധികാരികളെ അസ്വസ്ഥരാക്കുന്നു. വലിയ അന്വേഷണങ്ങള്‍ നടക്കുന്നു. പുലി ചാടിപ്പോയ സാഹചര്യമടക്കം അന്വേഷിക്കപ്പെടുന്നു. തല്‍ക്കാലം ഈ അന്വേഷണങ്ങള്‍ അവസാനിക്കാതെ മൃഗശാല കെെമാറ്റം നടക്കില്ല എന്ന ആശ്വാസത്തോടെ ഡയറക്ടര്‍ അകലെയുള്ള ഒരു പട്ടണത്തില്‍ പഴയ സഹപാഠികളുടെ ഒരു കൂടിച്ചേരലില്‍ പങ്കെടുക്കുവാനായി പോവുന്നു. അടുത്ത ദിവസം കടുവയെ മൃഗശാലക്കടുത്തുള്ള ഒരു പ്രദേശത്ത് ആളുകള്‍ കണ്ടു എന്ന ഒരു വാര്‍ത്ത ചാനലുകളിലൂടെ ഡയറക്ടര്‍ കാണുന്നു. ഈ ഒരു അഭ്യൂഹം ഭൂമി കെെമാറ്റം വീണ്ടും താമസിപ്പിക്കും എന്ന് ആശ്വസിച്ചിരുന്ന ഡയറക്ടറെ തകര്‍ത്തുകൊണ്ട് പിറ്റേദിവസം അടുത്ത വാര്‍ത്ത വരുന്നു.


ഇതുകൂടി വായിക്കാം; ശ്രീലങ്കയുടെ പ്രതിസന്ധി


തലേദിവസം രാത്രി കണ്ടെത്തിയ കടുവയെ പിടികൂടാനുള്ള ശ്രമത്തില്‍ വെടിയേറ്റ് കടുവയും നഗരത്തിലെ പൊലീസ് ചീഫും മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത. തിരിച്ച് നഗരത്തിലെത്തുന്ന ഡയറക്ടര്‍ക്ക് വളരെ ഉത്സാഹത്തോടെ മൃഗശാല തകര്‍ക്കപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്. കൃത്യമായി മാധ്യമങ്ങളില്‍ തിരുകിക്കയറ്റിയ രണ്ട് വാര്‍ത്തകളിലൂടെ, ഈ പദ്ധതിക്ക് എതിരുനിന്നിരിക്കാവുന്ന വൃദ്ധനായ പൊലീസ് ചീഫിന്റെ കൂടി ജീവനെടുത്തുകൊണ്ട് (കാരണം റിട്ടയര്‍മെന്റിനുശേഷം ഒരു കൃഷിയിടം നടത്തണം എന്ന് സന്ദര്‍ഭവശാല്‍ പൊലീസ് ചീഫ് ഡയറക്ടറോട് പറയുന്നുണ്ട്) സമര്‍ത്ഥമായി വ്യാജ വികസനവാദികള്‍ അവരുടെ അജണ്ട നടപ്പില്‍ വരുത്തി. ഊഗര്‍ പോളത്ത് എന്ന തുര്‍ക്കി നടനാണ് ഫിക്രെറ്റ് എന്ന മൃഗശാല ഡയറക്ടറായി അഭിനയിച്ചിരിക്കുന്നത്. ഇബെക്ക് ടുര്‍ക്ക്ടാന്‍ ഡയറക്ടറുടെ സഹജീവനക്കാരിയായും. അങ്കാറയിലെ പൊതു ഉടമസ്ഥനായിട്ടുള്ള ഒരു മൃഗശാലയുടെ ഭൂമി കച്ചവടക്കാര്‍ തട്ടിയെടുക്കുന്ന വിധവും അതിന് മേയറും മന്ത്രിയുമടക്കമുള്ള പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാണിക്കുന്ന അത്യുല്‍സാഹവും ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നയമായി സ്വീകരിച്ചിട്ടുള്ള ഏതൊരു രാജ്യത്തും കാണാവുന്ന പ്രതിഭാസമാണ് ചിത്രത്തിലെ സംഭാഷണം പലപ്പോഴും അന്യോപദേശ കഥകളുടെ രൂപത്തിലാണ്, ഉന്നതമായ സാഹിത്യഭംഗി പുലര്‍ത്തുന്നവയും. മനുഷ്യര്‍ ലോകത്തെല്ലായിടത്തും വ്യത്യസ്ഥ അനുഭവങ്ങളിലൂടെയല്ല, ഒരേ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വേഷവിധാനങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്ഥതകള്‍ക്കിടയിലും മനുഷ്യന്റെ ആന്തരിക വ്യാപാരങ്ങള്‍ ഒന്നുതന്നെയാണെന്നുമുള്ള നമ്മുടെ ധാരണയെ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് ഓരോ ചലച്ചിത്രമേളകളും കടന്നുപോവുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളിലേക്ക് തുറന്നിടുന്ന ജാലകങ്ങളാണ് ചലച്ചിത്രമേളകളിലെ ഓരോ ചലച്ചിത്രവും. 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ മികവുകൊണ്ടും കുറ്റമറ്റ സംഘടനാ മികവുകൊണ്ടും ഐഎഫ്എഫ്‌കെയിലെ ഏറ്റവും മികച്ച മേളകളിലൊന്നാണ്.

Exit mobile version