സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് നടപടി. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് രാവിലെ 11.40ന് പുറപ്പെടും.
അടുത്തദിവസം രാവിലെ 8.50‑ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരുമെന്ന് അറിയിച്ചു. ഇത് കോട്ടയത്ത് വൈകീട്ട് 5.30‑ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15‑ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11‑ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് രാവിലെ 3.15ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30‑ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിപ്പ്. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് — മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30ന് മംഗളൂരു ജംങ്ഷനില്‍ എത്തി ചേരും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13ന് രാത്രി 10‑ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10ന് കൊല്ലത്ത് എത്തുക. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15‑ന് രാവിലെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30ന് ചാര്‍ലപ്പള്ളിയില്‍ എത്തുന്നത്.

