Site iconSite icon Janayugom Online

മഴക്കാലം; സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും, ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം ചേര്‍ന്നു

മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുന്നു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് ആരോഗ്യമന്ത്രി വീണാജോര്‍ജ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ ഒന്ന്, രണ്ട് തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടണം.
വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക്ജന്യ രോഗങ്ങളും ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച് 1 എൻ 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ബോധവല്‍ക്കരണം ശക്തമാക്കും. പ്രളയാനുബന്ധ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിർദേശം നൽകി. എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മണ്ണിൽ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യു വകുപ്പിന്റേയും പങ്കാളിത്തത്തോടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. നിപ വൈറസ് പ്രതിരോധം ജില്ലകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry; Fever clin­ics will be start­ed in the state
You may also like this video

Exit mobile version