Site iconSite icon Janayugom Online

കളംനിറഞ്ഞ പെണ്‍പോരാളികള്‍

എഎപി കണ്‍വീനര്‍ സ്ഥാനത്ത് കെജ്‌രിവാള്‍ തുടരുമ്പോള്‍ അധികാരം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലാണ്; അത് പാര്‍ട്ടി അധികാരത്തിലുള്ള പഞ്ചാബിലായാലും ഡല്‍ഹിയിലായാലും. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കെജ്‌രിവാള്‍ സ്വയം ചുരുങ്ങുന്നു. ഭരണവും പാര്‍ട്ടിയും രണ്ട് തട്ടിലേക്ക്. ഭരണപ്പിഴവുകള്‍ മുഖ്യമന്ത്രിക്ക് മാത്രം സ്വന്തം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം. ഭരണവിരുദ്ധ വികാരം സംജാതമായാല്‍ അത് അതിഷിയുടെ പേരിലാകും. അപ്പോള്‍ അതിഷിയെ പ്രതിസ്ഥാനത്ത് അവരോധിച്ച് സ്വയരക്ഷയ്ക്കുള്ള പുതിയ മാര്‍ഗങ്ങള്‍ തേടും. സമ്പൂര്‍ണ സംസ്ഥാന പദവിയും സൗജന്യങ്ങളും മറയാക്കിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കം. 

കേന്ദ്രത്തില്‍ മോഡി, ഡല്‍ഹിയില്‍ കെജ്‌രിവാള്‍— ഇതാണ് ഡല്‍ഹിക്കാര്‍ പൊതുവില്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാട്. രാജ്യം നേരിടുന്ന അടിസ്ഥാന വിഷയങ്ങളായ വിലക്കയറ്റം തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ളവയില്‍ മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി നിലകൊള്ളുമ്പോഴും ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന ഹൈന്ദവ ദേശീയതയുടെ ഇരകളാണ് ഡല്‍ഹിക്കാര്‍. കോവിഡ് കാലത്ത് പാത്രം കൊട്ടിയും ദിയ (വിളക്ക്) തെളിയിച്ചും മോഡിയുടെ ആഹ്വാനങ്ങളെ ഡല്‍ഹിക്കാര്‍ ശിരസാ വഹിച്ചു. അതേസമയം മുഖ്യ ഭക്ഷ്യസാധനങ്ങളായ ആലു (ഉരുളക്കിഴങ്ങ്) 40 രൂപ, സവാള (പ്യാജ്) 60, തക്കാളി (ടമാട്ടര്‍) 80 എന്നിങ്ങനെയാണ് വിലകള്‍ നീണ്ടിരിക്കുന്നത്. സാധാരണ ആപ്പിള്‍ 120 രൂപ മുതലങ്ങോട്ടാണ് വില.

ഉള്ളിവില ഡല്‍ഹിയിലെ ഷീലാ ദീക്ഷിത് ഭരണം ഇല്ലാതാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. ഇതേ സാഹചര്യവും സാധാരണക്കാരന് പതിവ് ഭക്ഷണത്തിന് പോക്കറ്റ് കാലിയാകുന്ന അവസ്ഥയുമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്. അധികാരത്തില്‍ വന്നതു മുതല്‍ എഎപി ഉന്നയിക്കുന്ന ആവശ്യമാണ് ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി. തലസ്ഥാനം നിലകൊള്ളുന്ന രാജ്യങ്ങളില്‍ കേന്ദ്രഭരണ പ്രദേശമായി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് സ­മ്പൂര്‍ണ സംസ്ഥാന പദവി അപ്രായോഗികമാണെന്ന വസ്തുത എഎപിക്കും കേന്ദ്ര സര്‍ക്കാരിനും ബോധ്യമുള്ളതാണ്. പൊലീസ് ഭരണം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയാല്‍ സുരക്ഷാ വിഷയങ്ങളില്‍ പ്രതിസന്ധികളുയരും. ലഫ്റ്റനന്റ് ഗവര്‍ണറെന്ന ഭരണത്തിലെ കേന്ദ്രാവിഷ്കൃത തടയിടലുകാരനെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് എഎപി ഇത്തരം ഒരാവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഡല്‍ഹിയില്‍ നിശ്ചിത അളവ് വൈദ്യുതി നിരക്ക് സര്‍ക്കാര്‍ ഇളവ് ചെയ്തിട്ടുണ്ട്. ആം ആദ്മിക്കെന്ന് പറയുമ്പോഴും 200 യൂണിറ്റ് വരെ ഡല്‍ഹിക്കാര്‍ക്ക് സൗജന്യമുണ്ട്. വെള്ളത്തിന്റെ കാര്യത്തിലും സൗജന്യങ്ങളുണ്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നിലയെ ബാധിക്കാതെ ഇത്തരത്തില്‍ സൗജന്യങ്ങള്‍ നല്‍കാനാകുന്നത് കെജ്‌രിവാളിന്റെ ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി ചേര്‍ന്നാകും തെരഞ്ഞെടുപ്പിനെ നേരിടുക. മുനിസിപ്പല്‍ ഭരണം ബിജെപിയില്‍ നിന്നും കൈപ്പിടിയിലാക്കാനായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ആശങ്കയാണ്. 

പുതിയ മുഖ്യമന്ത്രി അതിഷിക്ക് രണ്ട് പ്രധാന ഉത്തരവാദിത്തങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒന്ന് ഫെബ്രുവരിയില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം ജനങ്ങളില്‍ പ്രതിഫലിക്കരുത്. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാകും. രണ്ടാമത്തേത് ഡല്‍ഹി ഭരണം പിടിക്കാന്‍ ബിജെപി കളത്തിലിറക്കുന്ന സ്മൃതി ഇറാനിയെ തളയ്ക്കാനുള്ള വനിതാ രാഷ്ട്രീയ പോരാട്ടം. നടി, ഫാഷന്‍ മോഡല്‍, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ്- രാഷ്ട്രീയത്തിലേക്ക് എത്തും മുമ്പ് സ്മൃതിയുടെ കരിയര്‍ ഇവയൊക്കെയായിരുന്നു. പഞ്ചാബി-മഹാരാഷ്ട്ര പാരമ്പര്യത്തില്‍ ബംഗാളി വൈവാഹിക ബന്ധമുള്ള സ്മൃതി അഞ്ചോളം ഭാഷകളില്‍ അനായാസക്കാരിയാണ്. ഈ സാധ്യതകള്‍ മനസിലാക്കിയ ബിജെപി ഇവരെ രാജ്യസഭയില്‍ എത്തിച്ചു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്പിച്ചതോടെ ഇവര്‍ കേന്ദ്ര മന്ത്രിപദത്തിലേക്കും എത്തി. പക്ഷേ ഇക്കുറി നാനൂറ് സീറ്റ് കടക്കുമെന്ന ബിജെപി വായ്ത്താരി ജലരേഖയായതിനൊപ്പം സ്മൃതിയും കളത്തിന് പുറത്തായി.

കോണ്‍ഗ്രസ് നേതാവായിരുന്ന ഷീലാ ദീക്ഷിത്, ബിജെപിയുടെ സുഷമാ സ്വരാജ് എന്നിവര്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയിട്ടുണ്ട്. വനിതാ ഭരണത്തെ എന്നും നെഞ്ചേറ്റിയ ഡല്‍ഹിക്കാര്‍ക്ക് പുതിയ മുഖ്യമന്ത്രിയിലും വിശ്വാസമേറെ. സ്മൃതിയെ രംഗത്തിറക്കാനുള്ള ബിജെപി നീക്കം നടന്നതു മുതല്‍ എഎപിയും മറു പണികളുമായി മുന്നോട്ടുപോയി. അതിഷിയെകൊണ്ട് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനത്തിന് സാങ്കേതികത ഉയര്‍ത്തി എല്‍ജി അനുമതി നല്‍കാതിരുന്നതോടെ സ്മൃതിയാകും ഡല്‍ഹി പിടിക്കാനെത്തുകയെന്ന കാര്യം കെജ്‌രിവാളിന് ബോധ്യമായി.
ഗോവയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി മദ്യനയക്കേസ് ഉയര്‍ന്നുവന്നത്. ഗോവ തെരഞ്ഞെടുപ്പില്‍ എഎപി ഇറക്കിയ പണം മദ്യനയത്തിലൂടെ നേടിയതെന്നാണ് ഉയര്‍ന്ന മുഖ്യ ആരോപണം. ഇതേ അവസരത്തില്‍ത്തന്നെ ഗോവയില്‍ സ്മൃതിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപണമുയര്‍ന്ന സോള്‍ കഫേ ആന്റ് ബാര്‍ വിഷയവും വാര്‍ത്തകളില്‍ ഇടം നേടി. എഎപിക്കെതിരെ സ്മൃതിയെ കളത്തിലിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചതും ഈ ഗോവ ബന്ധമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മോഡി മന്ത്രിസഭയില്‍ ഇടംപിടിച്ച സ്മൃതി പാര്‍ലമെന്റില്‍ തന്റെ പ്രിവിലേജ് നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠി കൈവിട്ടതോടെ പെരുവഴിയിലായ ഇവരെ പോരാളിയാക്കി എഎപിയെ എതിരിടാനാണ് ബിജെപി നീക്കം.

(അവസാനിച്ചു)

Exit mobile version