Site iconSite icon Janayugom Online

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തമ്മിലടി രൂക്ഷം; മണ്ഡലം പ്രസിഡന്റിനെ കൊല്ലുമെന്ന് ഭീഷണി

പാവറട്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ കയറി ഒരു വിഭാഗം കോൺഗ്രസുക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഇന്നലെ രാവിലെയാണ് മണ്ഡലം പ്രസിഡന്റ് സി കെ ആന്റോ ലിജോയുടെ വീട്ടിലെത്തി പാവറട്ടി മണ്ഡലം മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ഡലം പ്രസിഡന്റ് പാവറട്ടി പോലീസിൽ പരാതി നൽകി. കുട്ടികളെ സ്കൂളിൽ വിടാന്‍ പോയ സമയത്ത് കമലുദ്ദീൻ തോപ്പിൽ, എം കെ അനിൽകുമാർ, ഷിജു വിളക്കുപാടം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം കോൺഗ്രസുകാർ വീട്ടിലെത്തി ആന്റോ ലിജോയുടെ രോഗിയായ അമ്മയോടാണ് ഭീഷണി മുഴക്കിയത്. ഏതു നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

28 ന് ആണ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസിസി പ്രസിഡന്റ് അംഗീകരിച്ച് നൽകിയ എട്ടു കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഫോട്ടോ സഹിതം ഫ്ലക്സ് ബോർഡുകൾ പാവറട്ടി സെന്ററിൽ സ്ഥാപിച്ചിരുന്നു. എന്നാൽ അതിൽ പേരുള്ളവർ പലരും മറ്റൊരു പാനലിൽ മത്സരിക്കുന്നുണ്ടെന്നു അറിയിച്ച് മറ്റൊരു ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അംഗീകരിച്ചെങ്കിലും മറ്റൊരു പാനലിൽ മത്സരിക്കുന്നതിനാൽ ഇവർ തന്നെ ഔദ്യോഗികപക്ഷം സ്ഥാപിച്ച ബോർഡിൽ നിന്നുംസ്വന്തം ഫോട്ടോ വെട്ടിമാറ്റിയിട്ടുണ്ട്. ഇടതുപക്ഷവും ബിജെപിയും കോൺഗ്രസ് രണ്ട് പാനലും ഉൾപ്പെടെ ഫലത്തിൽ 4 പാനലാണ് ഇവിടെ മത്സരിക്കുന്നത്.

Eng­lish Sum­ma­ry: Fierce between Con­gress in elec­tions; Man­dala threat­ens to kill the president

You may also like this video

Exit mobile version