ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ചു. 90 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ 7 മണി മുതൽ തന്നെ പലയിടത്തും വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവിടെ തുടർച്ചയായി രണ്ട് തവണയും അധികാരത്തിലേറിയത് ബിജെപിയായിരുന്നു. 2.03 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്. 90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്. പ്രാദേശിക പാർട്ടിയായ ജെജെപിക്ക് 10 സീറ്റുകളും ഉണ്ട്. മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്, ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ള പ്രമുഖർ.
20,632 പോളിംഗ് ബൂത്തുകളാണ് ഉള്ളത് . മൊത്തം വോട്ടർമാരിൽ 1,07,75,957 പേർ പുരുഷന്മാരും 95,77,926 പേർ സ്ത്രീകളും 467 പേർ ട്രാൻസ്‌ജെൻഡർമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 18 നും 19 നും ഇടയിൽ പ്രായമുള്ള 5,24,514 വോട്ടർമാരും 1,49,142 ഭിന്നശേഷി വോട്ടർമാരുമുണ്ട്. അതിൽ 93,545 പേർ പുരുഷന്മാരും 55,591 പേർ സ്ത്രീകളും 6 പേർ ട്രാൻസ്‌ജെൻഡർമാരുമാണ്. 89,940 പുരുഷന്മാരും 1,41,153 സ്ത്രീകളും ഉൾപ്പെടെ ആകെ 2,31,093 വോട്ടർമാർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിന് പുറമെ, 3,283 പുരുഷന്മാരും 5,538 സ്ത്രീകളും ഉൾപ്പെടെ 100 വയസ്സിനു മുകളിൽ പ്രായമുള്ള 8,821 വോട്ടർമാരുണ്ട്.