Site iconSite icon Janayugom Online

സിറിയയില്‍ അതിരൂക്ഷ പോരാട്ടം; കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി വിമതര്‍

സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. മൂന്നാമത്തെ വലിയ നഗരമായ ഹോംസിന് വടക്കുള്ള പട്ടണങ്ങളിൽ വിമത സംഘം പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിറിയൻ സർക്കാരിന് തെക്കൻ നഗരമായ ദേരയുടെയും മറ്റ് പ്രവിശ്യകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു. 2011ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ നഗരങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നു പുറത്തുപോകുന്നത്. 

ഹോംസും വിമതര്‍ പിടിച്ചെടുക്കുന്നതോടെ സര്‍ക്കാരിന്റെ അധികാര മേഖല മെഡിറ്ററേനിയന്‍ തീരത്തുനിന്ന് തലസ്ഥാനമായ ദമാസ്‍കസിലേക്കു ചുരുങ്ങും. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് എച്ച്ടിഎസ് സഖ്യത്തിന്റെ നേതാവ് അബു മുഹമ്മദ് അല്‍ ജോലാനി പറഞ്ഞു.
സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ മൂന്നുലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഹോംസില്‍ നിന്ന് ഒറ്റരാത്രികൊണ്ട് പടിഞ്ഞാറന്‍ തീരത്തേക്ക് പലായനം ചെയ്തത്. ഹമാ സെന്‍ട്രല്‍ ജയിലിന്റെ നിയന്ത്രണം നേടിയ വിമതര്‍ തടവുകാരെയും മോചിപ്പിച്ചു. നവംബര്‍ 27നാണ് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അലെപ്പോയില്‍ വിമത സായുധഗ്രൂപ്പുകള്‍ ബാഷര്‍ അല്‍-അസദിന്റെ സൈ­ന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. 

സിറിയയിലെ പ്രധാനപ്പെട്ട നഗരമായ ഹമയുടെ നാല് ഭാഗങ്ങളും വളഞ്ഞാണ് വിമതര്‍ മുന്നേറ്റം നടത്തിയത്. സൈന്യത്തിന് നഗരത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെയും സിറിയയുടേയും വ്യോമസേന ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വിമതരുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

ആക്രമണങ്ങളില്‍ ഇതുവരെ 727 വിമതരും 111 സാധാരണക്കാരായ പൗരന്‍മാരും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. വിമതര്‍ക്കെതിരെ റഷ്യന്‍ യുദ്ധവിമാനങ്ങളും ഇപ്പോള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോ വിമത ഗ്രൂപ്പുകള്‍ പിടിച്ചെടുത്തത്. ഈ ആക്രമണം അസദിനും ഇറാനിലെയും റഷ്യയിലെയും സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു.
വിമതരുടെ അപ്രതീക്ഷിത ആക്രമണത്തിലൂടെ 14 വര്‍ഷം ശാന്തമായിരുന്ന സിറിയയില്‍ ആഭ്യന്തരയുദ്ധത്തിന് വീണ്ടും തുടക്കമിടുകയായിരുന്നു.

Exit mobile version