ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിനും സ്വിറ്റ്സര്‍ലന്‍ഡിനും വിജയത്തുടക്കം. കോസ്റ്റാറിക്കയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് ടീമിന്റെ ജയം. ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്. 21-ാം മിനിറ്റില്‍ കോസ്റ്റാറിക്ക താരം വലേരിയ ഡെല്‍ കാംപോയുടെ സെല്‍ഫ് ഗോളിലാണ് സ്പെയിന് ആദ്യ ഗോളെത്തിയത്. അധികം വൈകിയില്ല, രണ്ട് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും സ്പാനിഷ് ടീം നേടി. ഐതാന ബൊന്മാറ്റിയാണ് ലീഡ് ഇരട്ടിയാക്കിയത്. ഇതോടെ ഗോളവസാനിപ്പിക്കാന് സ്പെയിന് തയ്യാറല്ലായിരുന്നു.
27-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി സ്പെയിന് സര്‍വാധിപത്യം തെളിയിച്ചു. ആദ്യ പകുതിയിലെ പോലെ തന്നെ രണ്ടാം പകുതിയിലും ആക്രമണഫുട്ബോള്‍ കാഴ്ചവച്ചെങ്കിലും സ്പെയിന് പിന്നീട് ഗോള്‍ നേടാന്‍ സാധിച്ചില്ല. 81 ശതമാനമായിരുന്നു പന്തടക്കം. 46 ഷോട്ടുകളാണ് സ്പെയിന്‍ തൊടുത്തു. അതില്‍ 12 എണ്ണം ഗോള്‍വലയം ലക്ഷ്യമാക്കിയായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സ്പെയിന് സാധിക്കുമായിരുന്നു. ഫിലിപ്പീൻസിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയം.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് റമോണ ബാച്ച്‌മാൻ ആണ് സ്വിറ്റ്സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്. ഈ ഗോളോടെ റമോണ ബാച്മാൻ സ്വിറ്റ്സര്‍ലന്‍ഡിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറര്‍ ആയി. 64-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ നേടിയത്. സെറിന സെവറിൻ പുബെലാണ് സ്കോറര്‍. നൈജീരിയയും കാനഡയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയിലായി.
English Sammury: victory for Spain and Switzerland in the FIFA Women’s World Cup