Site iconSite icon Janayugom Online

മുഖംതിരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍: അഞ്ചാം ദിനവും പ്രക്ഷുബ്ധം

ജനപ്രതിനിധിസഭകളില്‍ ജനകീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശിയില്‍ അഞ്ചാം ദിവസമായ ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ പ്രതിഷേധം. പ്രതിരോധ വകുപ്പിന്റെ സ്ഥിരം സമിതിയോഗത്തില്‍ അഗ്നിവീര്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ച വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. തിങ്കളാഴ്ച ആരംഭിച്ച സഭാസമ്മേളനത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ടുവെങ്കിലും നിരാകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ സമ്മേളനം അവസാനിപ്പിച്ച് ഒളിച്ചോടുന്ന സമീപനമാണ് അഞ്ചു ദിവസവും കേന്ദ്രം സ്വീകരിച്ചത്.
സര്‍ക്കാരിനെതിരെ രാജ്യത്താകെ ഉയര്‍ന്ന വന്‍ പ്രതിഷേധം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഫലിക്കുമെന്ന് മുന്‍കൂട്ടി കണ്ട് സമീപകാലത്ത് വന്‍ ചര്‍ച്ചയായ വിഷയങ്ങളുമായി ബന്ധപ്പെട്ട വാക്കുകള്‍ പ്രയോഗിക്കരുതെന്നും സഭാവളപ്പില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്നുമുള്ള വിലക്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണ് വിലക്ക് വിജ്ഞാപനമിറങ്ങിയതെങ്കിലും സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ ഇതുണ്ടാകുമെന്ന് ആരം കരുതുന്നില്ല.
സഭ തുടങ്ങിയ ദിവസം മുതല്‍ സഭയിലും പുറത്തും എല്ലാ വിലക്കുകളെയും അവഗണിച്ചുള്ള പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത്. പാടില്ലെന്ന് പറഞ്ഞ പ്ലക്കാര്‍ഡുകള്‍ സഭയിലും പുറത്തും പ്രതിപക്ഷമുയര്‍ത്തി. നടത്തരുതെന്ന് വിലക്കിയ പ്രതിഷേധവും ധര്‍ണയും സഭാവളപ്പില്‍ നടത്തുകയും ചെയ്തു. പ്രതിഷേധത്തെ മറയാക്കി സഭാ നടപടികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് രക്ഷപ്പെടുന്നത് തുടരുകയാണ് സര്‍ക്കാര്‍.
ഇന്നലെ നടന്ന പ്രതിരോധവകുപ്പിന്റെ പാര്‍ലമെന്ററി സ്ഥിരം സമിതി യോഗത്തിലാണ് അഗ്നിപഥ് പദ്ധതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷന്‍ ജുവല്‍ ഓറം നിരാകരിച്ചത്. ഇതേ തുടര്‍ന്ന് കെ സി വേണുഗോപാല്‍, ഉത്തം കുമാര്‍ റെഡ്ഡി (കോണ്‍ഗ്രസ്), ഡാനിഷ് അലി (സമാജ്‌വാദി പാര്‍ട്ടി) എന്നീ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു. രാജ്യത്തെ ചെറുപ്പക്കാരുടെ തൊഴില്‍ സാധ്യതയും കുടുംബങ്ങളുടെ ആശ്രയവും നഷ്ടപ്പെടുത്തുന്ന അഗ്നിപഥ് പദ്ധതി ചര്‍ച്ച ചെയ്യണമെന്നായിരുന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സമിതി അധ്യക്ഷന്‍ വാശി പിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
രാജ്യസഭയില്‍ അഗ്നിപഥ് സംബന്ധിച്ച് സിപിഐ അംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍ എന്നിവര്‍ നോട്ടീസ് നല്കിയ അടിയന്തര പ്രമേയത്തിനും അനുമതി നിഷേധിച്ചിരുന്നു.

Eng­lish Sum­ma­ry: Fifth day of turmoil

You may like this video also

Exit mobile version