ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായതിനുപിന്നാലെ ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ വിമാനം ഒടുവില്‍ ഡല്‍ഹിയില്‍ ഇറക്കി. മ്യൂണിക്കിൽ നിന്ന് പറന്നുയർന്ന വിമാനത്തിനുള്ളില്‍വച്ചാണ് ദമ്പതികള്‍തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു.
ഒരു ജർമ്മൻ പൗരനും തായ് ഭാര്യയും തമ്മിലാണ് തർക്കം ആരംഭിച്ചത്. പിന്നാലെ ഇത് വിമാനത്തിനുള്ളില്‍ വലിയ വാക്കേറ്റത്തിന് കാരണമായി. ഭർത്താവിന്റെ പെരുമാറ്റത്തിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഭാര്യയും പൈലറ്റിന്റെ സഹായം തേടി.
താമസിയാതെ, LH772 എന്ന ലുഫ്താൻസ വിമാനം ഡല്‍ഹിയില്‍ ഇറങ്ങാൻ അനുമതി തേടി. ആദ്യം പാകിസ്ഥാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടു. വിമാനം ലാൻഡ് ചെയ്തയുടൻ ഭർത്താവിനെ വിമാനത്തിൽ നിന്ന് ഇറക്കി എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജർമ്മൻ എംബസിയുമായി ബന്ധപ്പെടുന്നതിനിടെ ഇയാൾ എയർപോർട്ട് അധികൃതരോട് മാപ്പ് പറഞ്ഞു. ഇയാളെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് കൈമാറണോ അതോ ജർമ്മനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തിലാണ് തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹി പൊലീസും അർധസൈനിക വിഭാഗമായ സിഐഎസ്എഫും ഇപ്പോഴും സംഭവസ്ഥലത്താണെന്നാണ് വിവരങ്ങള്‍. കാര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ ലുഫ്താൻസ വിമാനം തായ്‌ലൻഡിലേക്ക് പുറപ്പെടുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
English Summary: Fight inside flight; flight landed in Delhi
You may also like this video