പരിഹരിക്കാനാത്ത പ്രശ്നങ്ങൾക്ക് പരിഹാരമാണ് സിനിമയെന്ന് കുർദിഷ് സംവിധായിക ലിസ ചലാൻ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ. സാമൂഹിക പ്രശ്നങ്ങളെ തുറന്ന് കാണിക്കുന്നതിനും അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമയെന്നും നിരവധി രാജ്യന്തര ചലച്ചിത്ര മേളകളുടെയും സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ചലച്ചിത്ര മേഖലയ്ക്ക് ആവശ്യമാണെന്നും ലിസ ചലാൻ പറഞ്ഞു. ഐ സ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ട്ടപ്പെട്ട ലിസ ചലാൻ കൃത്രിമ കാലുകളുമായി ചലച്ചിത്ര രംഗത്തും സാമൂഹ്യസേവന രംഗത്തും നടത്തിയ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് കേരളം സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകിയത്.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസം പ്രേക്ഷക പ്രീതി നേടി മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ .യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ ഈ ജർമ്മൻ ചിത്രം നിറഞ്ഞ സദസിലായിരുന്നു പ്രദർശിപ്പിച്ചത്. സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീയുടെ ഇന്ത്യയിലെ ആദ്യപ്രദർശനവും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ വരവേറ്റു. മനോലോ നിയെതോ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു വെള്ളിയാഴ്ചത്തേത്. കോവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറഞ്ഞ നയന്റീൻ ‚ഹൈവ് ‚ലീവ് നോ ട്രെയ്സസ് ‚ലാമ്പ് എന്നീ ചിത്രങ്ങളും ആദ്യ ദിനത്തിൽ ശ്രദ്ധനേടി. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്.ഇതിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം നേടിയ നായിക അസ്മരി ഹഖിന്റെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന് സംഗീത ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗായിക ഗായത്രി അശോകാണ് ലത മങ്കേഷ്കറിന്റെ നിത്യഹരിത ഗാനങ്ങൾ ആലപിച്ചത്. വാനമ്പാടിക്കൊപ്പം സംഗീത സദസുകളുടെ ഭാഗമായിരുന്ന അക്കോഡിയനിസ്റ്റ് സൂരജ് സാദെയും സംഗീത സന്ധ്യയിൽ പങ്കുചേർന്നു.
നടി ഭാവന കേരളത്തിന്റെ റോൾ മോഡലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമാ സീരിയൽ മേഖലയിലെ സ്ത്രീകൾ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നുണ്ടന്നും അവർക്കെല്ലാം സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Film is the solution to unsolvable problems; Lisa Challan
You may like this video also