ഭർത്താവ് നൽകിയ ക്വട്ടേഷനെ തുടർന്ന് സിനിമാ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവര്‍ധന്റെ നിർദേശപ്രകാരം തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച് സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്. കന്നഡ സിനിമയിലും സീരിയലുകളിലും സജീവമാണ് ചൈത്ര. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹർഷവർധനും.
മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാൻ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അറിയിച്ചു. ഈ മാസം ഏഴിന് ഒരു ഷൂട്ടിങ്ങിനായി മൈസൂരുവിലേക്ക് പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞിരുന്നു ഷൂട്ട് എന്ന പേരിൽ ചൈത്രയെ കൊണ്ടുപോയതിന് പിന്നിൽ ഹർഷവര്‍ധനാണെന്നാണ് പരാതി. തട്ടിക്കൊണ്ടുപോകലിനായി തന്റെ സഹായി കൗശിക്കിന് 20,000 രൂപ അഡ്വാൻസായി ഹർഷവര്‍ധനൻ നൽകിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

