ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ധരംപൂർ സ്വദേശിയായ സൽമാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്പാരനിലെ ബെട്ടിയ സതി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്.
നാട്ടുകാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകൾ വന്നതാണ് അപകടത്തിന് കാരണമായത്. ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

