Site iconSite icon Janayugom Online

തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിഞ്ഞു; വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ

ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട് , ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ചിത്രം തെളിഞ്ഞു. വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയും കോൺഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും ബിജെപി സ്ഥാനാർ‍ത്ഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്. ഇന്ന് സമയം അവസാനിക്കുന്നത് വരെ ആരും പത്രിക പിൻവലിക്കാൻ തയ്യാറായില്ല. 

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. സിപിഐഎം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ കെ ബിനുമോള്‍ നേരത്തെ പിന്‍വലിച്ചിരുന്നു. പാലക്കാട് കോൺഗ്രസിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്.

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാ‍ർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൽഡ‍ിഎഫിന് വേണ്ടി മുൻ എംഎൽഎ യു പ്രദീപും യുഡിഎഫിന് വേണ്ടി മുൻ എം പി രമ്യ ഹരിദാസും മത്സരിക്കുന്ന ഇവിടെ ബിജെപിയുടെ ബാലകൃഷ്ണനും മത്സര രംഗത്തുണ്ട്. പിവി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും മത്സരിക്കുന്നു.പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഒരാൾ പത്രിക പിൻവലിച്ചു.

Exit mobile version