Site iconSite icon Janayugom Online

പൊതുമേഖലാസ്ഥാപനങ്ങളുടെ ബജറ്റിന് അന്തിമ രൂപം; ലക്ഷ്യം 503 കോടിയുടെ ലാഭം

വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതും റിയാബിന്റെ മേൽനോട്ടത്തിലുള്ളതുമായ 41 സ്ഥാപനങ്ങളുടെ നടപ്പ് വർഷത്തെ ബജറ്റിന് അന്തിമ രൂപം നൽകി. വിപുലീകരണവും വൈവിധ്യവൽക്കരണവും വഴി സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്കാവശ്യമായ വികസനോന്മുഖവും നൂതനവുമായ പദ്ധതികൾ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്നതിനു മുൻഗണന നൽകിയാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ ബജറ്റ് തയാറാക്കിയിട്ടുള്ളത്. 

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, റിയാബ് സെക്രട്ടറി കെ പദ്മകുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. 41 പൊതുമേഖലാസ്ഥാപനങ്ങളിലുമായി 5570.55 കോടി രൂപയുടെ വിറ്റുവരവും 503.57 കോടി രൂപയുടെ പ്രവർത്തന ലാഭവുമാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 30 പൊതുമേഖലാസ്ഥാപനങ്ങളെങ്കിലും പ്രവർത്തനലാഭത്തിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമം നടത്തും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രവർത്തന ലാഭം നേടിയ 21 സ്ഥാപനങ്ങളുടെ ലാഭം ഗണ്യമായി വർധിപ്പിക്കുന്നതോടൊപ്പം ഈ വർഷം ലാഭത്തിലെത്തിക്കാനുദ്ദേശിക്കുന്ന ഒമ്പത് സ്ഥാപനങ്ങളെ പ്രത്യേക നിരീക്ഷണത്തിലും ഇടപെടലിലും കൂടി ലക്ഷ്യപ്രാപ്തി നേടാൻ സഹായിക്കുന്ന വിധത്തിൽ റിയാബിന്റെ ചുമതലയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 പൊതുമേഖലാസ്ഥാപങ്ങളുടെ വിറ്റുവരവ് 4053.80 കോടി രൂപയും പ്രവർത്തന ലാഭം 391.66 കോടി രൂപയുമാണ്. മുന്‍ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 732.43 കോടി രൂപയുടെയും പ്രവർത്തനലാഭത്തിൽ 280. 36 കോടി രൂപയുടെയും വർധന ഉണ്ടായിട്ടുണ്ട്. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്, കെൽട്രോൺ, കെൽട്രോൺ കംപോണന്റ് കോപ്ലക്സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ സർവകാല റെക്കോഡ് വിറ്റുവരവും, പ്രവർത്തനലാഭവും കൈവരിച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്സ് ലിമിറ്റഡും എക്കാലത്തേയും മികച്ച വിറ്റുവരവ് നേടി. 

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പൊതുമേഖലാസ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. 9467.35 കോടി രൂപയുടെ 405 പദ്ധതികളാണ് മൊത്തത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 2659.30 കോടി രൂപയുടെ 175 ഹ്രസ്വകാല പദ്ധതികളും, 2833.32 കോടി രൂപയുടെ 131 മധ്യകാല പദ്ധതികളും 3974.73 കോടി രൂപയുടെ 99 ദീർഘകാല പദ്ധതികളുമാണ് മാസ്റ്റർ പ്ലാൻ പ്രകാരം തയാറാക്കിയിരിക്കുന്നത്. 

Eng­lish Summary:Finalization of Pub­lic Sec­tor Under­tak­ings Budget
You may also like this video

Exit mobile version