Site iconSite icon Janayugom Online

ഒടുവില്‍ കുറ്റസമ്മതം; തൊഴിലില്ലായ്മ രൂക്ഷമെന്ന് കേന്ദ്ര മന്ത്രാലയം

രാജ്യത്ത് തൊഴിലില്ലായ്മയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സ്ഥിതിവിവര മന്ത്രാലയ രേഖകള്‍. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്ന് ലോക തൊഴിലാളി സംഘടന (ഐഎല്‍എ) അടുത്തിടെ കണ്ടെത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിവരങ്ങളും പുറത്തുവന്നത്. 2023 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 6.8 ശതമാനമായിരുന്നെന്നും ഇത് വളരെ കൂടുതലാണെന്നും പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത ഏറ്റവും പ്രധാന വിഷയമായിരുന്നു ഇത്. എന്നിട്ടും ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാരും ഇതിനെതിരെ മുഖംതിരിച്ചുനിന്നു.
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 62.28 ശതമാനമാണ്. നഗരങ്ങളിലെ നിരക്ക് 63.95, ഗ്രാമങ്ങളിലേത് 61.73 ശതമാനം വീതവുമാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ 59.81 ശതമാനവും പുരുഷന്മാരുടേത് 62.50 ശതമാനവുമാണ്. ഒരാള്‍ തൊഴിലെടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയും നയപരമായ കാര്യങ്ങളും പരിശോധിച്ച ശേഷം കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ സൊനാക്ഷ്യാ സമാദാര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഹയര്‍സെക്കന്‍ഡറിക്ക് മുകളില്‍ വിദ്യാഭ്യാസമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 2022ല്‍ രാജ്യത്തെ മൊത്തം തൊഴിലില്ലാത്തവരില്‍ 82.9 ശതമാനവും യുവാക്കളായിരുന്നു എന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് തൊഴിലില്ലായ്മ പരിശോധിക്കുന്നത്. ജോലി സമയം കൂടുന്നത് മതിയായ തൊഴിലായി കണക്കാക്കാനാവില്ലെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കുന്നു.
ലേബര്‍ ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ ത്രൈമാസ തൊഴില്‍ സര്‍വേയനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സംഘടിത മേഖലയിലും തോട്ടം പോലുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അഞ്ച് പേരില്‍ ഒരാള്‍ കരാര്‍ തൊഴിലാളിയാണ്. ഒമ്പത് പ്രധാന കാര്‍ഷികേതര മേഖലകളിലെ ജീവനക്കാരുടെ നിരക്ക് 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 8.5 ശതമാനം ആയിരുന്നത് തൊട്ടടുത്ത കൊല്ലത്തെ ആദ്യ പാദത്തില്‍ 18 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Eng­lish Summary:Finally con­fessed; Cen­tral Min­istry that unem­ploy­ment is severe
You may also like this video

Exit mobile version