Site iconSite icon Janayugom Online

അയോധ്യയിൽ ഒടുവില്‍ മസ്ജിദിന് അനുമതി

അയോധ്യയിൽ ഒടുവില്‍ മസ്ജിദ് നിര്‍മ്മാണത്തിന് അനുമതി. അയോധ്യ ഡെവലപ്‌മെന്റ് അതോറിട്ടി മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി ലഭ്യമാക്കി. രാമക്ഷേത്രം തീരാറായിട്ടും പള്ളി നിര്‍മ്മാണത്തിന് അനുമതി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
കോടതി വിധി പ്രകാരം അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന പള്ളി ബാബറി മസ്ജിദിനേക്കാൾ വലുതായിരിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ധനിപൂരില്‍ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് (ഐഐസിഎഫ്) ഒരു പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവയാണ് നിർമ്മിക്കുക. 

അയോധ്യ ഡെവലപ്‌മെന്റ് അതോറിട്ടിയുടെ (എഡിഎ) അനുമതിയും ഭൂവിനിയോഗം സംബന്ധിച്ചും തീർപ്പുകല്പിക്കാത്തതിനാൽ രണ്ട് വർഷത്തിലേറെയായി നിർമ്മാണം നീണ്ടുപോയിരിക്കുകയായിരുന്നു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. പുറത്തെ റോഡിന് കുറഞ്ഞത് 12 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്ന് പറഞ്ഞ് അഗ്നിശമന വിഭാഗം എന്‍ഒസി നിഷേധിച്ചിരിക്കുകയായിരുന്നു. കൃഷിഭൂമിയെന്നത് ക്രമപ്പെടുത്തി നല്‍കണമെന്ന ആവശ്യത്തിന്മേലും തീരുമാനം മാസങ്ങളായി നീണ്ടുപോവുകയായിരുന്നു.

കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അയോധ്യയിലെ മസ്ജിദിന്റെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അയോധ്യ ഡിവിഷണൽ കമ്മിഷണർ ഗൗരവ് ദയാൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ട വകുപ്പുതല നടപടിക്രമങ്ങൾക്ക് ശേഷം, മാർഗരേഖ ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം ട്രസ്റ്റ് ഉടൻ യോഗം ചേരുമെന്നും മസ്ജിദ് നിർമ്മാണത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നും ഐഐസിഎഫ് സെക്രട്ടറി അതാർ ഹുസൈൻ പറഞ്ഞു. അയോധ്യയിൽ ഉണ്ടായിരുന്ന പള്ളിയുടെ രൂപസാദൃശ്യമായിരിക്കില്ല പുതിയ പള്ളിക്കെന്നും അതാർ ഹുസൈൻ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Final­ly per­mis­sion for mosque in Ayodhya

You may also like this video

Exit mobile version