Site iconSite icon Janayugom Online

ഒടുവില്‍ ശുഭകേശന്‍ മധുരവെള്ളരിയും വിളയിച്ചു

ശുഭകേശന്റെ പുതിയ വെള്ളരി ശുഭലയുടെ വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ്, എംഎം ആരീഫ് എംപി, പി പി ചിത്തരഞ്ജൻ എം എൽ എ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

കൃഷിയിടം പരീക്ഷണ ശാലയാക്കിയ കഞ്ഞിക്കുഴിയിലെ ജൈവകർഷകനായ ശുഭകേശന്റെ ദീർഘകാല ഗവേഷണങ്ങൾക്ക് ഫലപ്രാപ്തി. കഞ്ഞിക്കുഴി പയർ വികസിപ്പിച്ചെടുത്ത ഇദ്ദേഹം പുതിയൊരു പച്ചക്കറി ഇനം കൃഷിയിടത്തിൽ വിളയിപ്പിച്ചെടുത്തിരിക്കുകയാണ്. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. നീണ്ട 14 മാസത്തെ ശ്രമഫലമാണ് പുതിയ ഇനം വെള്ളരിയുടെ കണ്ടുപിടുത്തം. തണ്ണിമത്തൻ, കണിവെള്ളരി എന്നിവയുടെ സംയോജനത്തിലൂടെയുള്ള പുതിയ വെള്ളരിക്ക് 750 ഗ്രാം തൂക്കം വരും. പുതിയ വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്നായിരുന്നു വിളവെടുപ്പ്. കഞ്ഞിക്കുഴി ശ്രുതിനിലയം വീട്ടിൽ ശുഭകേശന്റെയും ഭാര്യ ലതികയുടെയും മകൾ ശ്രുതിലയയുടേയും പേരുകൾ ചേർത്ത് പുതിയ വെള്ളരിക്ക് ശുഭല എന്ന പേര് നൽകിയത് കൃഷി മന്ത്രി പി പ്രസാദാണ്. 

കണിവെള്ളരിയേക്കാൾ 22 ദിവസം മുൻപ് പൂവിട്ട് 45 ദിവസം കൊണ്ട് വിളയിച്ചെടുക്കാൻ കഴിയുമെന്നതാണ് ശുഭലയുടെ പ്രത്യേകത. തന്റെ ഈ പുതിയ ഗവേഷണ വിവരങ്ങൾ കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഉല്പന്നത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ശുഭകേശൻ. മട്ടുപ്പാവിലും ടെറസിൽ പോലും പുതിയ ഇനം വെള്ളരി നന്നായി വളരുമെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളരിയുടെ വിത്തുകൾ ആറ് മാസത്തിനകം ആവശ്യക്കാരിൽ എത്തിക്കും. വിദേശങ്ങളിൽ പോലും ശുഭകേശൻ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്. 

സാധാരണ വെള്ളരിയെ അപേക്ഷിച്ച് ചെറിയ മധുരമുള്ളതിനാൽ കറിക്കും ഉപയോഗിക്കാമെന്നാണ് കർഷകൻ പറയുന്നത്. കാർഷിക പരീക്ഷണങ്ങൾ നടത്തുന്ന ശുഭ കേശന്റെ ആദ്യ പരീക്ഷണ വിജയം 1995 ലായിരുന്നു. വെള്ളായണി ലോക്കൽ, ലിമാ ബിൻ എന്നിവ യോജിപ്പിച്ച് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചു. രണ്ടടിയോളം നീളമുള്ള പയറിന് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക അവാർഡ് ഉൾപ്പെടെ ഒട്ടനവധി അംഗീകരങ്ങളും ശുഭകേശന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പ്രളയങ്ങളേയും ശുഭകേശന്റെ കൃഷിയിടം അതിജീവിച്ചു. കോവിഡിന് പോലും ശുഭകേശനെ തളർത്താനായില്ല. കൃഷിയിടത്തിൽ വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങൾ വിൽക്കുന്നതിനായി സ്വന്തമായി ഹരിത മിത്രം അഗ്രോഷോപ്പും ശുഭകേശൻ ആരംഭിച്ചിട്ടുണ്ട്. 

Eng­lish Summary:Finally, Sub­hake­san also plant­ed sweet cucumbers

You may also like this video

Exit mobile version