Site iconSite icon Janayugom Online

യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നു; സമാധാന കരാറിന് ധാരണയായെന്ന് റിപ്പോർട്ട്

മൂന്നര വർഷമായി തുടരുന്ന റഷ്യ‑യുക്രെയ്ൻ യുദ്ധത്തിന് ഉടൻ പരിസമാപ്തിയായേക്കുമെന്ന് സൂചന. സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അബുദാബിയിൽ വെച്ച് യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. യുഎസ് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതനുസരിച്ച്, ഇനി ഏതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാനുള്ളൂ. യുദ്ധം അവസാനിപ്പിക്കാൻ ഉചിതമായ സമാധാന പദ്ധതിയാണിതെന്നും, ഇരു ഭാഗങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ച് സമാധാന പദ്ധതി പുതുക്കിയതായും അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽ വെച്ച് ചർച്ച നടത്തിയിരുന്നു. മുമ്പ് തയ്യാറാക്കിയിരുന്ന 28 വ്യവസ്ഥകളടങ്ങിയ സമാധാന പദ്ധതിയിലെ പിഴവുകൾ ഈ ചർച്ചയിൽ തിരുത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്കി പ്രതീക്ഷ പങ്കുവെച്ചിരുന്നു. പ്രധാന വ്യവസ്ഥകളിൽ ചിലതിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും വിവരമുണ്ട്. യുക്രെയ്ൻ നാറ്റോയിൽ അംഗത്വമെടുക്കാൻ പാടില്ല, സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം, യുദ്ധത്തിൽ പിടിച്ചെടുത്ത ചില പ്രവിശ്യകൾ റഷ്യയ്ക്ക് തിരികെ നൽകണം മുതലായവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്. യുക്രെയ്ൻ കരാർ അംഗീകരിച്ച സാഹചര്യത്തിൽ റഷ്യയുമായി ചർച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇതിന്റെ ഭാഗമായി സെലൻസ്കി അമേരിക്ക സന്ദർശിക്കുമെന്നാണ് വിവരം. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പുടിനുമായും അമേരിക്കൻ സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോൾ യുക്രെയ്ൻ പ്രതിനിധികളുമായും ചർച്ച നടത്തും.

Exit mobile version