Site iconSite icon Janayugom Online

ഓണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഓണാഘോഷത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി ചുമത്തൽ ഭേദഗതി നിയമത്തിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സംസ്ഥാനം കടംകയറി മുടിഞ്ഞ തറവാടല്ല. ഇവിടെ ഇക്കുറി മാവേലി വരില്ലെന്ന ആക്ഷേപം ശരിയല്ല. മാവേലി വരും, ആഘോഷിക്കുകയും ചെയ്യും. കേരളത്തെ ജനം ഏല്പിച്ചത് സുരക്ഷിതമായ ഇടതുപക്ഷത്തിന്റെ കയ്യിലാണ്. കെഎസ്ആർടിസിയിൽ പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ കിട്ടാതെ ആത്മഹത്യചെയ്യുന്ന സ്ഥിതി ഇപ്പോഴില്ലെന്ന് ഓർക്കണം. നെല്ലുസംഭരണത്തിന്റെ കുടിശിക കൊടുക്കാൻ തുടങ്ങി. സാമൂഹ്യസുരക്ഷാപെൻഷൻ രണ്ടുമാസത്തെ കുടിശിക അനുവദിച്ചു. ഓണച്ചന്തകൾ തുടങ്ങാൻ തീരുമാനമായി, ധനമന്ത്രി പറഞ്ഞു.
നികുതി സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികൾ രാജ്യത്ത് ആദ്യമായി പൂർത്തിയാക്കിയത് കേരളമാണ്. സംസ്ഥാനത്തിന്റെ വരുമാനം 47000 കോടിയിൽ നിന്ന് 71,000 കോടിയായി. കേന്ദ്രത്തിന്റെ രാഷ്ട്രീയപ്രേരിത നടപടികൾ കൂടി ഇല്ലായിരുന്നെങ്കിൽ കേരളം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാകുമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. 

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ താൽക്കാലികമായി പിരിയും

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ താല്‍ക്കാലികമായി അവസാനിക്കുന്ന സമ്മേളനം പുതുപ്പള്ളി ഫലം വന്നതിന് ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെ സഭ സമ്മേളിക്കും. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. നേരത്തെ ഈ മാസം 24 വരെ ചേരാനായിരുന്നു തീരുമാനിച്ചത്. നാളെയും സെപ്റ്റംബര്‍ 11, 14 തീയതികളിലും ആവശ്യമെങ്കില്‍ അപരാഹ്ന സമ്മേളനം ചേരുന്നതിനും ബിഎസി യോഗം തീരുമാനിച്ചു. 

Eng­lish Sum­ma­ry: Finance Min­is­ter says that Onam will not be difficult

You may also like this video

Exit mobile version