Site iconSite icon Janayugom Online

പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയില്‍ കണ്ടെത്തി

പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാ​ഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് ഇവ. 

ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുര്യാർകുറ്റിക്കടവ്, എർത്ത് ഡാം എന്നി ഉന്നതികളിലെയും മുതലമട, ചെമ്മനാംപതി, വണ്ടാഴി പഞ്ചായത്തിലെ മം​ഗലം ഡാം എന്നിവിടങ്ങളിലെ 15ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായത്തിനായുള്ള അപേക്ഷകളാണിത്. ഇത് ജില്ലാ ട്രൈബൽ ഓഫീസിൽ എത്തിക്കാതെ പുഴയരികിൽ തള്ളിയതാകാം എന്ന നി​ഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്.

Exit mobile version